ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ്

ഫേസ്ബുക്ക് ജീവനക്കാർ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നു; ആരോപണങ്ങളുമായി കേന്ദ്രത്തിൻെറ കത്ത്

ന്യൂഡൽഹി: ബി.ജെ.പി അനുകൂല നയം സ്വീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിന് കോൺഗ്രസ് നേതൃത്വം കത്തയച്ചതിനു പിന്നാലെ, സാമൂഹ മാധ്യമ ഭീമനെതിരെ ആക്ഷേപമുന്നയിച്ച് കേന്ദ്ര സർക്കാറും. ഫേസ്ബുക്കിനെതിരെ അതൃപ്തി അറിയിച്ച് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് സി.ഇ.ഒ മാർക്ക് സക്കർബർഗിന് കത്തയച്ചു. പ്രധാനമന്ത്രിയെയും കേന്ദ്ര മന്ത്രിമാരെയും മോശമായി ചിത്രീകരിക്കാൻ ഫേസ്ബുക്കിലെ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്നാണ് മൂന്ന് പേജുള്ള കത്തിലെ പ്രധാന ആരോപണം.

2019 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫേസ്ബുക്ക് ഇന്ത്യ മാനേജ്മെൻറ് വലതുപക്ഷ രാഷ്ട്രീയ പേജുകൾ ഇല്ലാതാക്കുകയും ഫേസ്ബുക്കിലെ വ്യാപ്തി കുറയ്ക്കുകയും ചെയ്തുവെന്നും കത്തിൽ ആരോപിക്കുന്നു.

സമീപ കാലത്തെ ഉറവിടം വ്യക്തമാക്കാത്ത റിപ്പോർട്ടുകൾ ഒരു സൈദ്ധാന്തിക മേധാവിത്വത്തിനായുള്ള നിങ്ങളുടെ കമ്പനിക്കുള്ളിലെ പോര് മാത്രമാണ്. നിങ്ങളുടെ കമ്പനിക്കുള്ളിൽ നിന്നുള്ള സെലക്ടീവ് ചോർച്ചകൾ വഴി വസ്തുതകൾ എങ്ങനെയാണ് പ്രചരിപ്പിക്കുന്നതെന്ന് വിശദീകരിക്കാൻ പ്രത്യേകിച്ച് മറ്റൊരു യുക്തിയുടെ ആവശ്യമില്ല.

അന്താരാഷ്ട്ര മാധ്യമങ്ങളുമായുള്ള ഒരു കൂട്ടം ഫേസ്ബുക്ക് ജീവനക്കാരുടെ കൂട്ടുകെട്ട് നമ്മുടെ മഹത്തായ ജനാധിപത്യത്തിൽ മോശമായ നിക്ഷിപ്ത താൽപര്യങ്ങൾക്ക് ഇടം നൽകും -കത്തിൽ കുറ്റപ്പെടുത്തുന്നു.

അമേരിക്കൻ പത്രമായ 'വാൾസ്ട്രീറ്റ് ജേണൽ', 'ടൈം' മാസിക എന്നിവയുടെ റിപ്പോർട്ടിനെ തുടർന്ന് ഭരണകക്ഷിയായ ബി.ജെ.പിക്ക് സഹായകരമായി ഇന്ത്യയിലെ ഫേസ്ബുക്ക് ടീം പ്രവർത്തിക്കുന്നുവെന്നാരോപിച്ച് നേരത്തെ കോൺഗ്രസ് രംഗത്തുവന്നിരുന്നു. വിഷയത്തിൽ ഫേസ്ബുക്ക് സി.ഇ.ഒക്ക് ഇതുവരെ രണ്ടു കത്തുകൾ കോൺഗ്രസ് അയച്ചിട്ടുണ്ട്. സമൂഹ മാധ്യമ കമ്പനിയായ ഫേസ്ബുക്കും ഭരണകക്ഷിയും തമ്മിലെ ബന്ധത്തെക്കുറിച്ച് സംയുക്ത പാർലമെൻററി സമിതി അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.