വായ്പ നിഷേധിച്ചു; മണിഹൈസ്റ്റ് മോഡലിൽ ബാങ്ക് കൊള്ളയടിച്ച് ആറംഗ സംഘം

ബംഗളൂരു: വായ്പ നിഷേധിച്ചതിനെ തുടർന്ന് ബാങ്കിൽ കൊള്ള നടത്തിയ ആറംഗ സംഘം അറസ്റ്റിൽ. എസ്.ബി.ഐയുടെ ന്യാമതി ബാങ്കിലാണ് കൊള്ള നടത്തിയത്. ഇവർ മോഷ്ടിച്ച ഏകദേശം 13 കോടി രൂപ മൂല്യം വരുന്ന സ്വർണം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.2024 ഒക്ടോബറിലാണ് കൊള്ള നടന്നത്. 17.7 കിലോ ഗ്രാം സ്വർണമാണ് മോഷ്ടിച്ചത്. അഞ്ച് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

ബേക്കറി ഉടമയായ വിജയ് കുമാറിന്റെ നേതൃത്വത്തിലാണ് കൊള്ള നടന്നത്. വിജയ് കുമാറും അജയ് കുമാറും ന്യാമതിയില്‍ ബേക്കറിക്കച്ചവടം നടത്തുകയാണ്. 2023-ല്‍ വിജയകുമാര്‍ ബാങ്കില്‍നിന്ന് 15 ലക്ഷം രൂപയുടെ വായ്പക്ക് അപേക്ഷിച്ചിരുന്നെങ്കിലും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വായ്പ നിരസിച്ചു. തുടര്‍ന്ന്, ഒരു ബന്ധുവിന്റെ പേരില്‍ അപേക്ഷ നല്‍കിയെങ്കിലും അതും നിരസിച്ചു. ഇതില്‍ പ്രകോപിതരായ ഇവര്‍ ബാങ്ക് കൊള്ളയടിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു.

തുടർന്ന് ഇയാൾ മണിഹൈസ്റ്റ് മാതൃകയിൽ ഒരു കൊള്ളസംഘം രുപീകരിക്കുകയായിരുന്നു. പിന്നീട് യുട്യൂബ് സഹായത്തോടെ കവർച്ചക്കാവശ്യമായ സാധനങ്ങൾ കണ്ടെത്തുകയും ചെയ്തു. ഷിവമോഗയിലേയും ന്യായമതിയിലേയും പ്രാദേശിക കടകളിൽ നിന്ന് ഹൈഡ്രോളിക് കട്ടർ, ഗ്യാസ് സിലിണ്ടർ പോലുള്ള അവശ്യ ഉപകരണങ്ങൾ വാങ്ങി.

കവർച്ച ദിവസം ജനൽവഴിയാണ് സംഘം അകത്തുകടന്നത്. ജനലിന്റെ ഗ്രിൽ തകർത്താണ് സംഘം പ്രവേശിപ്പിച്ചത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്ത് സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് സി.സി.ടി.വി കാമറകൾ നീക്കം ചെയ്തു. ഡിജിറ്റൽ വിഡിയോ റെക്കോഡറും സംഘം കൊണ്ടു പോയി. അന്വേഷണത്തിനായി എത്തുന്ന നായ്ക്കളെ വഴിതിരിക്കാനായി മുളകുപൊടിയും വിതറിയിരുന്നു.

മോഷണത്തിന് ഉപയോഗിച്ച് കട്ടറുകര്‍ കൃത്യത്തിന് ശേഷം തടാകത്തില്‍ ഉപേക്ഷിച്ചു. ഇതോടൊപ്പം ബാങ്കിലെ ഹാര്‍ഡ് ഡിസ്‌കും ഡിവിആറും തകര്‍ത്ത് അവശിഷ്ടങ്ങള്‍ അതേ തടാകത്തില്‍ എറിഞ്ഞതായി പ്രതികളുടെ മൊഴിയെ അടിസ്ഥാനമാക്കി പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വിജയ്കുമാർ, അജയ്കുമാർ, പരമാനന്ദ്, അഭിഷേക്, ചന്ദ്രു, മഞ്ജുനാഥ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മോഷ്ടിച്ച സ്വര്‍ണം വിജയ് ആദ്യം തന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വണ്ടിയില്‍ ഒളിപ്പിച്ചു. ശേഷം ചെറിയ ലോക്കറിലാക്കി തമിഴ്നാട്ടിലെ മധുരയിലെ ഒരു കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട കിണറ്റില്‍ മുക്കിവെച്ചു. വിജയിലേക്ക് സംശയം നീളുന്നില്ലെന്ന് മനസിലാക്കിയതോടെ ഭാഗികമായി സ്വര്‍ണം തിരികെ എടുത്ത് തന്റെയും ബന്ധുക്കളുടെയും പേര് ഉപയോഗിച്ച് വിവിധ ബാങ്കുകളില്‍ നിക്ഷേപിക്കുകയും ചെയ്തു.

Tags:    
News Summary - 'Money Heist', learnt tricks from YouTube: How gang looted Karnataka SBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.