അമരീന്ദറിന്‍റെ 'ഫ്രണ്ട് റിക്വസ്റ്റ്' സ്വീകരിച്ച് ബി.ജെ.പി; സഖ്യത്തിന് തയാർ

ചണ്ഡീഗഡ്: രാജിവെച്ച കോൺഗ്രസ് നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്‍റെ സൗഹാർദ ക്ഷണം സ്വീകരിച്ച് ബി.ജെ.പി. അമരീന്ദർ സിങ്ങുമായി സഖ്യത്തിന് തയാറാണെന്ന് ബി.ജെ.പിയുടെ പഞ്ചാബ് ചുമതലയുള്ള നേതാവ് ദുഷ്യന്ത് ഗൗതം വ്യക്തമാക്കി. പഞ്ചാബിൽ പുതിയ രാഷ്​ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം അമരീന്ദർ സൂചന നൽകിയിരുന്നു.

രാജ്യത്തെ കുറിച്ചും ദേശസുരക്ഷയെ കുറിച്ചും കരുതലുള്ളവരുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ ബി.ജെ.പി എന്നും തയ്യാറായാണ്. സഖ്യത്തിനായി ഞങ്ങളുടെ വാതിലുകള്‍ തുറന്നിടുകയാണ്. ബി.ജെ.പി പാർലമെന്‍ററി പാർട്ടി ഇക്കാര്യത്തിൽ തീരുമാനമെടുക്കും -ദുഷ്യന്ത് ഗൗതം പറഞ്ഞു.

കർഷക സമരത്തിന് പരിഹാരം കണ്ടെത്തിയാൽ അടുത്ത വർഷം നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സഹകരിക്കാമെന്ന്​ അമരീന്ദർ ബി.ജെ.പിക്ക്​ വാഗ്ദാനം നൽകിയിരുന്നു.

കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നു എന്ന തരത്തിലുള്ള അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്​​ടാവ്​ അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹം ശക്തമായി. എന്നാൽ, ബി.ജെ.പിയിലേക്കില്ലെന്ന് ക്യാപ്റ്റൻ തന്നെ വ്യക്തമാക്കിയിരുന്നു.

കർഷക നിയമത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കുകയാണെങ്കിൽ ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന്​ അമരീന്ദറിന്‍റെ മാധ്യമ ഉപദേഷ്​ടാവ് രവീൺ തുക്റാൽ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ​ വ്യക്തമാക്കി.

'പഞ്ചാബിന്‍റെ ഭാവിയുടെ യുദ്ധം തുടങ്ങിക്കഴിഞ്ഞു. അമരീന്ദർ സിങ്ങിന്‍റെ നേതൃത്വത്തിൽ പഞ്ചാബിന്‍റെയും ഇവിടുത്തെ ജനങ്ങളുടേയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന രാഷ്‌ട്രീയ പാർട്ടി വൈകാതെ തന്നെ രൂപീകരിക്കും. ഒരു വർഷത്തിലധികമായി നിലനിൽപ്പിന് വേണ്ടി പോരാടുന്ന കർഷകരുടെ താൽപര്യങ്ങൾക്ക്​ വേണ്ടി പ്രവർത്തിക്കും' -രവീൺ തുക്റാൽ ട്വീറ്റ്​ ചെയ്​തു.

തനിക്ക്​ 20 എം.എൽ.എമാരു​ടെ പിന്തുണയുണ്ടെന്നാണ്​ അമരീന്ദര്‍ അവകാശപ്പെടുന്നത്. അകാലി ദളിൽ നിന്ന്​ ഇടഞ്ഞു നിൽക്കുന്ന ധിൻസ, ബ്രഹ്​മപുത്ര വിഭാഗങ്ങളെ കൂടി ഒപ്പം നിർത്തിയാകും പുതിയ പാർട്ടി രൂപീകരണം.

പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പി.പി.സി.സി) അധ്യക്ഷൻ നവജോത് സിങ്​ സിദ്ദുവുമായി മാസങ്ങള്‍ നീണ്ട അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദ്ദേശപ്രകാരം അമരീന്ദറിന്​ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജി​െവക്കേണ്ടി വന്നത്.

Tags:    
News Summary - Ready For Alliance BJP On Amarinder Singhs Friend Request

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.