ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കാലത്ത് എണ്ണവില അനക്കമറ്റ് നിൽക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാഴ്ചയല്ല. ദിനംപ്രതി ഉയർന്നുകൊണ്ടിരുന്ന എണ്ണവില അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ സ്തംഭിച്ചുനിൽക്കാൻ തുടങ്ങിയതാണ്. വോട്ടർമാരുടെ കണ്ണിൽപൊടിയിടുന്ന പതിവു നാടകത്തിന് ഏഴാം ഘട്ട തെരഞ്ഞെടുപ്പും പൂർത്തിയാകുന്ന മാർച്ച് ഏഴോടെ തിരശ്ശീല വീണേക്കും.
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടാനുള്ള തയാറെടുപ്പിലാണ് എണ്ണക്കമ്പനികൾ. അവസാന വോട്ടും പെട്ടിയിൽ വീണു കഴിയുന്നതോടെ ലിറ്ററിന് ഒമ്പതു രൂപയുടെയെങ്കിലും വർധനയുണ്ടാകുമെന്നാണ് സൂചന. വോട്ടെണ്ണുന്ന മാർച്ച് 10 വരെയൊന്നും കാത്തുനിൽക്കാനും ഇടയില്ല. വോട്ട് പെട്ടിയിൽ വീണാൽ പിന്നെന്തിന് വെച്ചുതാമസിപ്പിക്കണം എന്നതാണ് സർക്കാറ് കാര്യം.
റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ ബാരൽ വില 110 ഡോളർ കടന്നിട്ടുണ്ട്. ഇതിന്റെ മറപിടിച്ചാണ് വില ഉയർത്താനുള്ള നീക്കം. ഇന്ത്യ റഷ്യയിൽനിന്ന് വളരെ കുറച്ച് ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്യുന്നത്.
കഴിഞ്ഞ നവംബർ ഒടുവിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നയുടൻ എണ്ണവില കുതിപ്പ് നിലച്ചിരുന്നു. അതുവരെ ദിവസക്കണക്കിനായിരുന്നു വർധന. ഇടക്കെപ്പോഴെങ്കിലും ഒറ്റക്കുതിപ്പ് നടത്തുമ്പോൾ ഉയരുമ്പോഴുണ്ടാകുന്ന പ്രതിഷേധം പോലുമില്ലാതെ കാര്യം സാധിക്കാൻ എണ്ണക്കമ്പനികൾ കണ്ട കുറുക്കുവഴിയാണ് ദിവസവും ചില്ലറ പൈസ വർധിപ്പിക്കൽ. അങ്ങനെ മെല്ലെ മെല്ലെ ആരുമറിയാതെ പെട്രോളിന് കത്തിക്കയറിയത് 18 മാസത്തിനുള്ളിൽ 36 രൂപ. ഡീസലിന് 26.5 രൂപയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.