ഡൽഹിയിലെ ചെങ്കോട്ട

ചെങ്കോട്ട ഭീകരാക്രമണം: പാക് ഭീകരന്‍റെ ദയാഹരജി തള്ളി രാഷ്ട്രപതി

ന്യൂഡൽഹി: 2000ത്തിലെ ചെങ്കോട്ട ഭീകരാക്രമണ കേസിൽ, വധശിക്ഷക്ക് വിധിച്ച പാക് ഭീകരൻ മുഹമ്മദ് ആരിഫിന്‍റെ ദയാഹരജി രാഷ്ട്രപതി ദ്രൗപതി മുർമു തള്ളി. വധശിക്ഷക്കെതിരെ ആരിഫ് നൽകിയ പുനഃപരിശോധനാ ഹരജി 2022ൽ സുപ്രീംകോടതി തള്ളിയിരുന്നു. രാജ്യത്തിന്‍റെ ഐക്യം, അഖണ്ഡത, പരമാധികാരം എന്നിവയെ തകർക്കാൻ ഉദ്ദേശിച്ചാണ് ചെങ്കോട്ട ആക്രമിച്ചതെന്ന് നിരീക്ഷിച്ചാണ് കോടതി വധശിക്ഷ ശരിവച്ചത്.

2000 ഡിസംബർ 22ന് ഡൽഹിയിലെ ചെങ്കോട്ടയിലേക്ക് അതിക്രമിച്ചു കടന്ന നാല് ഭീകരരുടെ വെടിവെപ്പിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചിരുന്നു. നാലു ദിവസത്തിനു ശേഷമാണ് ലഷ്കർ ഇ തയ്ബ അംഗവും പാക് പൗരനുമായ ആരിഫ് ഡൽഹി പൊലീസിന്‍റെ പിടിയിലായത്. ഗൂഢാലോചന നടത്തുകയും ആക്രമണത്തിന് നേതൃത്വം നൽകുകയും ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2005 ഒക്ടോബറിൽ വിചാരണ കോടതി ആരിഫിന് വധശിക്ഷ വിധിച്ചു. ഡൽഹി ഹൈകോടതിയും സുപ്രീംകോടതിയും വിധി ശരിവച്ചു.

ആരിഫിനൊപ്പം ചെങ്കോട്ടയിൽ അതിക്രമിച്ചു കടന്ന മറ്റു മൂന്നു ഭീകരർ - അബു ഷാദ്, അബു ബിലാൽ, അബു ഹൈദർ എന്നിവർ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു. കുറ്റ വിചാരണയും വാദം കേൾക്കലും 24 വർഷം നീണ്ടതോടെയാണ് ആരിഫ് ദയാഹരജി നൽകിയത്. എന്നാൽ ദേശസുരക്ഷക്ക് വൻ വെല്ലുവിളി ഉയർത്തിയ കുറ്റമാണ് ആരിഫ് ചെയ്തതെന്ന് നിരീക്ഷിച്ച് രാഷ്ട്രപതി ദയാഹരജി തള്ളുകയായിരുന്നു. 2022ൽ അധികാരമേറ്റ ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു തള്ളുന്ന രണ്ടാമത്തെ ദയാഹരജിയാണിത്.

Tags:    
News Summary - Red Fort attack case: Prez Murmu rejects mercy plea of Pak terrorist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.