മുംബൈ: ഒരാൾക്ക് സ്വയം പ്രചാരണം എത്രമാത്രമാകാമെന്ന് ചിന്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. കോവിഡ് 19 വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിപ്പിച്ചതിനെതിരെയായിരുന്നു വിമർശനം.
'നിങ്ങൾ വാഹനത്തിൽ പെട്രോൾ നിറക്കാൻ പമ്പിലെത്തിയാൽ അവിടെയും ഒരു ചിത്രം കാണാനാകും. നമുക്ക് എന്തു ചെയ്യാൻ കഴിയും? ഒരു ലിറ്ററിന് നൂറുരൂപ നൽകി പെട്രോൾ നിറക്കുേമ്പാൾ സാക്ഷിയെന്ന നിലക്ക് ആയിരിക്കാം' -അജിത് പവാർ പറഞ്ഞു.
സ്വന്തം പരസ്യം എത്രമാത്രം നൽകണമെന്ന് സ്വയം ചിന്തിക്കണം. ജനങ്ങൾക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ ചിത്രം പതിക്കാൻ താൽപര്യമില്ല. ബുദ്ധിമുേട്ടറിയ സന്ദർഭങ്ങളിൽ ഒരാളെ എങ്ങനെ ഉയർത്തികൊണ്ടുവരാമെന്നാണ് ഞങ്ങളുടെ ചിന്തയെന്നും അജിത് പവാർ കൂട്ടിച്ചേർത്തു.
ഓൺലൈൻ രജിസ്ട്രേഷൻ വഴി രാജ്യത്ത് വാക്സിൻ വിതരണം ചെയ്യുന്നതിനെയും അദ്ദേഹം വിമർശിച്ചു. ഓൺലൈനായി വാക്സിൻ രജിസ്റ്റർ ചെയ്ത ശേഷം മറ്റു താലൂക്കുകളിലും ജില്ലകളിലുമെത്തി ആളുകൾ വാക്സിൻ സ്വീകരിക്കു. ഓൺലൈനായി വാക്സിൻ ബുക്കുചെയ്യുന്നതിന്‍റെ ഭാഗമായാണത്. ഓൺലൈനായി ബുക്ക് ചെയ്താൽ ഒരാൾക്ക് എവിടെനിന്നും വാക്സിൻ സ്വീകരിക്കാം. അതുമൂലം ചില സ്ഥലങ്ങളിൽ വാക്സിൻ ക്ഷാമം അനുഭവപ്പെടുകയും ചിലർക്ക് വാക്സിൻ ലഭിക്കാതിരിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കൊപ്പം, ലോകം മുഴുവൻ കോവിഡ് മഹാമാരിയെ നേരിടുകയാണ്. രാജ്യത്തിന്‍റെ പ്രതിച്ഛായ എങ്ങനെയാണ് ഇടിഞ്ഞതെന്ന് നാം കണ്ടു. വിദേശ രാജ്യങ്ങളിൽനിന്ന് കാർഗോ വിമാനങ്ങൾ വഴി ഒന്നിനുപിറകെ ഒന്നായി സഹായങ്ങൾ നൽകികൊണ്ടിരിക്കുന്നു. രാജ്യം അപകടത്തിലാണ്. ഇതൊരു ദേശീയ പ്രശ്നമായി കണക്കാക്കി രാജ്യത്തിന്‍റെ തലവൻ കന്യാകുമാരി മുതൽ കശ്മീർ വരെയും ഗുജറാത്ത് മുതൽ പശ്ചിമ ബംഗാൾ വരെയും വാക്സിൻ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അജിത് പവാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.