2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അനുകൂലമായ കുതിരപ്പന്തയമാണെന്ന ധാരണ തെറ്റ് -അമർത്യ സെൻ

കൊൽക്കത്ത: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അനുകൂലമായ ഒരു കുതിരപ്പന്തയമാണെന്ന് വിചാരിക്കുന്നത് വലിയ അബദ്ധമാണെന്ന് നൊ​ബേൽ ജേതാവും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യ സെൻ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളുടെ പങ്ക് നിർണായകമാണെന്നും അദ്ദേഹം വിലയിരുത്തി.

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് കഴിവുണ്ടെങ്കിലും, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്ക് പൊതുജനാഭിപ്രായം സൃഷ്ടിക്കാൻ കഴിയുമോ എന്ന് മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും 90 കാരനായ അമർത്യ സെൻ വിലയിരുത്തി.

ഡി.എം.കെയും പ്രധാനപ്പെട്ട പാർട്ടിയാണ്. അതുപോലെ തൃണമൂൽ കോൺഗ്രസ്, സമാജ്‍വാദി പാർട്ടി എന്നിവയും. അതേസമയം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ബി.ജെ.പിയെ തോൽപിക്കാൻ ആവില്ലെന്നാണ് പൊതുധാരണ. ഇത് തീർത്തും തെറ്റാണെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

എൻ.സി.പിയും ജനതാദൾ യുനൈറ്റഡും ഉൾപ്പെടെ നിരവധി പാർട്ടികളുടെ നേതാക്കൾ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുമായി പുതിയ സഖ്യത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ സഖ്യത്തിന് ബി.ജെ.പിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്നാണ് അവർ കരുതുന്നത്. ബി.ജെ.പി ഇന്ത്യയെ ഹിന്ദുരാഷ്ട്രമായും ഹിന്ദി സംസാരിക്കുന്ന രാജ്യമായും ചുരുക്കി. ബി.ജെ.പിക്ക് ഇന്ത്യയിൽ ഒരു ബദൽ ഉണ്ടാകുന്നില്ലെങ്കിൽ വളരെ സങ്കടകരമായിരിക്കും-അമർത്യസെൻ ചൂണ്ടിക്കാട്ടി. ശക്തമായ പാർട്ടിയെന്ന് കരുതുന്ന ബി.ജെ.പിക്കും ബലഹീനതയുണ്ട്. മറ്റ് പാർട്ടികൾ അത് തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 2024 ലെ തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള കോൺഗ്രസിന്റെ കഴിവിനെക്കുറിച്ച് സെൻ സംശയം പ്രകടിപ്പിച്ചു, കോൺഗ്രസ് ദുർബലമായിരിക്കുന്നു. എന്നാൽ, അഖിലേന്ത്യാ കാഴ്ചപ്പാട് നൽകുന്ന ഒരേയൊരു പാർട്ടി കോൺഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.

''കോൺഗ്രസ് വളരെയധികം ദുർബലമായതായി തോന്നുന്നു, ഒരാൾക്ക് കോൺഗ്രസിനെ എത്രത്തോളം ആശ്രയിക്കാൻ കഴിയുമെന്ന് എനിക്കറിയില്ല. മറുവശത്ത്, മറ്റൊരു പാർട്ടിക്കും ഏറ്റെടുക്കാൻ കഴിയാത്ത ഒരു അഖിലേന്ത്യാ വീക്ഷണം കോൺഗ്രസ് തീർച്ചയായും നൽകുന്നു. പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ട്. ''-സെൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Regional parties clearly important for 2024 Lok Sabha Polls says Amartya Sen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.