ന്യൂഡൽഹി: മൗലികാവകാശത്തിലെ മതസ്വാതന്ത്ര്യം ജനങ്ങളെ ഏതെങ്കിലും മതത്തിലേക്ക് മാറ്റാനുള്ള അവകാശമല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. വഞ്ചനയിലൂടെയോ പ്രലോഭനത്തിലൂടെയോ മതംമാറ്റം പാടില്ല. നിർബന്ധിത മതംമാറ്റം തടയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയുമായി ബന്ധപ്പെട്ട് നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. നിർബന്ധിത മതംമാറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കും. ഹരജിയിൽ ഉന്നയിച്ച വിഷയം പൂർണ ഗൗരവത്തോടെ കാണും. ഇക്കാര്യത്തിൽ സ്വമേധയാ ഉചിത നടപടി സ്വീകരിക്കും. ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും സമ്മാനങ്ങളും പണവും നൽകി പ്രലോഭിപ്പിച്ചും മതപരിവർത്തനം നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി നേതാവ് കോടതിയെ സമീപിച്ചത്.
മതപരിവർത്തനത്തിന് തങ്ങൾ എതിരല്ലെന്നും എന്നാൽ, നിർബന്ധിത മതംമാറ്റമുണ്ടാവരുതെന്നും കേസിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസുമാരായ എം.ആർ. ഷായും സി.ടി. രവികുമാറും നിരീക്ഷിച്ചു. ഈ വിഷയത്തിൽ സംസ്ഥാനങ്ങളിൽനിന്ന് വിവരങ്ങൾ തേടി വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി കേന്ദ്രത്തോട് നിർദേശിച്ചു. കേസിൽ ഡിസംബർ അഞ്ചിന് വീണ്ടും വാദം കേൾക്കും. നിർബന്ധിത മതംമാറ്റം ഗുരുതരമായ ഭീഷണിയും ദേശീയ വിഷയവുമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു.
വിഷയത്തിൽ റിപ്പോർട്ട് തയാറാക്കാൻ നിയമ കമീഷന് നിദേശം നൽകണമെന്നും മതംമാറ്റം നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്നും അശ്വിനി ഉപാധ്യായ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ മുമ്പ് വാദം കേൾക്കുന്നതിനിടെ വിഷയം വളരെ ഗൗരവമുള്ളതാണെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലം നൽകിയത്. പിന്നാക്കാവസ്ഥയിലുള്ള വനിതകൾ ഉൾപ്പെടെയുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇക്കാര്യത്തിൽ നിയമം ആവശ്യമാണ്. വിഷയത്തിൽ ഒഡിഷ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തിസ്ഗഢ്, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കർണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങൾ നിയമം കൊണ്ടുവന്നിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.