കേഷ്ഗഡ് സാഹിബ് ഗുരുദ്വാരയിൽ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി, ബുദ്ധ ദൾ പുരോഹിതർ പ​​​ങ്കെടുത്ത സിഖ് മതസമ്മേളനം

ക്രൈസ്തവ മതംമാറ്റത്തിനെതിരെ ജാഗ്രത വേണമെന്ന് വിശ്വാസികളോട് സിഖ് പുരോഹിതർ

ലുധിയാന: ക്രൈസ്തവ സംഘടനകൾ നിർബന്ധിച്ച് മതം മാറ്റുന്നുവെന്ന ആരോപണം ഉന്നയിച്ച് സിഖ് സംഘടനയായ അകാൽ തഖ്ത് തുടങ്ങിവെച്ച പ്രചാരണം ഏറ്റെടുത്ത് കൂടുതൽ സിഖ് സംഘടനകൾ. പഞ്ചാബിലെ നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിശ്വാസികളോട് സിഖ് പുരോഹിതർ ആവശ്യപ്പെട്ടു.

സിഖ് വിശുദ്ധൻ ഭായ് ജയ്താ സിങ്ങിന്റെ ജന്മദിനമായ തിങ്കളാഴ്ച ആനന്ദ്പൂർ സാഹിബിലെ കേഷ്ഗഡ് സാഹിബ് ഗുരുദ്വാരയിൽ നടന്ന സംഗമത്തിലാണ് ആഹ്വാനം ചെയ്തത്. ആയിരക്കണക്കിന് സിഖുകാർ പ​​ങ്കെടുത്ത പരിപാടിയിൽ ഭൂരിഭാഗവും നിഹാങ്കുകൾ (സിഖ് യോദ്ധാക്കൾ) ആയിരുന്നു. ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌.ജി.പി.സി), ബുദ്ധ ദൾ, നിരവധി ഗുരുദ്വാരകളുടെ ഉന്നത നേതൃത്വം എന്നിവരുൾപ്പെടെയുള്ള സിഖ് പുരോഹിതരുടെ ഉന്നതരും മതപരമായ സമ്മേളനത്തിൽ പങ്കെടുത്തു.

നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് പഞ്ചാബിലെ ദാദുവാന ഗ്രാമത്തിൽ ഒരു കൂട്ടം നിഹാംഗുകൾ കഴിഞ്ഞ ദിവസം ക്രിസ്ത്യൻ മിഷനറിമാർ സംഘടിപ്പിച്ച പരിപാടി തടസ്സപ്പെടുത്തിയിരുന്നു. തൊട്ടടുത്ത ദിവസം പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ അജ്ഞാതർ ചർച്ച് ആക്രമിച്ച് യേശുവിന്റെ പ്രതിമ തകർക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പുതിയ ആഹ്വാനം.

'ഞങ്ങൾ ആരെയും അനാദരിക്കാറില്ല. അതേസമയം, പീഡനം സഹിച്ച് നിൽക്കുകയുമില്ല. നമ്മുടെ കൂട്ടത്തിലുള്ളവരെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിക്കുന്നവരുണ്ട്. അവരിൽനിന്ന് നമ്മുടെ ജനങ്ങളെ സംരക്ഷിക്കാനും ജാഗരൂകരായിരിക്കാനും എന്റെ നിഹാങ്ക് സഹോദരന്മാരോട് ഞാൻ അഭ്യർഥിക്കുന്നു' - പ്രമുഖ നിഹാങ്ക് സംഘമായ ബുദ്ധ ദൾ നേതാവ് ബാബ ബൽബീർ സിങ് പറഞ്ഞു.

സിഖ് മതം പ്രചരിപ്പിക്കാൻ ഭക്തരോട് സംഗമം ആവശ്യപ്പെട്ടു. നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നവർ പഞ്ചാബിന്റെ സമ്പന്നമായ പാരമ്പര്യം തുടരാൻ ആഗ്രഹിക്കുന്നവ​രല്ലെന്ന് അകാൽ തഖ്ത് നേതാവ് ഗ്യാനി ഹർപ്രീത് സിങ് പറഞ്ഞു.

"ഈ വ്യാജ പാസ്റ്റർമാർ നമ്മുടെ നിഷ്കളങ്കരെ വഴിതെറ്റിക്കുകയാണ്​. എന്താണ് അവരുടെ ഉദ്ദേശം? 25-30 ലക്ഷം രൂപ ഉള്ളവരെല്ലാം കുടുംബത്തെ വിദേശത്തേക്ക് അയക്കുകയാണ്. കടക്കെണിയിലായ ചെറുകിട ഭൂവുടമകളും ജാതിയുടെ പേരിൽ വിവേചനം നേരിടുന്നവരുമാണ് പഞ്ചാബിന് അവകാശികളാകാൻ പോകുന്നത്. ഈ വ്യാജ പാസ്റ്റർമാർക്ക് പഞ്ചാബികൾ ഈ ഭൂമിയുടെ അവകാശികളാകുന്നത് ഇഷ്ടമല്ല. അതിനാലാണ് അവർ മതപരിവർത്തനം ചെയ്യിക്കുന്നത്" -ഗ്യാനി ഹർപ്രീത് സിങ് പറഞ്ഞു.

Tags:    
News Summary - ‘Remain vigilant against forced conversion in Punjab’ — Sikh clergy’s message to devotees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.