ന്യൂഡൽഹി: വിദൂര വോട്ടുയന്ത്രം കൊണ്ടുവരുന്ന തെരഞ്ഞെടുപ്പു കമീഷൻ, തെരഞ്ഞെടുപ്പു നടത്തിപ്പിന്റെ വിശ്വാസ്യത വീണ്ടെടുക്കാനാണ് ആദ്യം ശ്രമിക്കേണ്ടതെന്ന് കോൺഗ്രസ്. ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും വോട്ടുയന്ത്രം ഏറെ വിവാദം ഉയർത്തിയിട്ടുണ്ടെന്ന് കോൺഗ്രസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. വോട്ടുയന്ത്ര ദുരുപയോഗത്തെയക്കുറിച്ച ആശങ്ക ശരിയായ രീതിയിൽ പക്ഷേ, കണക്കിലെടുത്തിട്ടില്ല. സമ്മതിദായകനും രാഷ്ട്രീയ പാർട്ടികൾക്കും തെരഞ്ഞെടുപ്പു സംവിധാനത്തിൽ വിശ്വാസം വേണം. മോദി സർക്കാർ തെരഞ്ഞെടുപ്പു കമീഷനുമേൽ ചെലുത്തുന്ന സമ്മർദങ്ങൾ മൂലം സമീപവർഷങ്ങളിൽ ഈ വിശ്വാസം ചോർന്നുകൊണ്ടിരിക്കുന്നു.
സ്വന്തം സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രചാരണത്തിന് കൂടുതൽ സമയം നൽകാൻ പാകത്തിൽ ഗുജറാത്തിലെ തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപനം തെരഞ്ഞെടുപ്പു കമീഷൻ വൈകിപ്പിച്ചത് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. വോട്ടെടുപ്പ് ദിവസം ഗുജറാത്തിൽ മോദിയെ റോഡ് ഷോക്ക് അനുവദിച്ച തെരഞ്ഞെടുപ്പു കമീഷൻ, പെരുമാറ്റച്ചട്ട ലംഘനത്തിനു കൂടിയാണ് അനുവദിച്ചത്.
തെരഞ്ഞെടുപ്പു കമീഷന് പ്രതിപക്ഷം നൽകുന്ന നിവേദനങ്ങളിൽ ഒരു നടപടിയുമില്ല. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളിലാണ് 10-12 ശതമാനം വോട്ടർമാർ വോട്ടു രേഖപ്പെടുത്തിയതെന്ന സംശയാസ്പദമായ കണക്കുകളും ഗുജറാത്തിൽനിന്ന് വന്നു. ഓരോ വോട്ടും രേഖപ്പെടുത്താൻ പരമാവധി 30 സെക്കൻഡ് മാത്രം. ഇത് അസാധ്യമായ കാര്യമാണ്. വോട്ടുചെയ്യാൻ ചുരുങ്ങിയത് 60 സെക്കൻഡ് ആവശ്യമാണ്.
സംശയാസ്പദമായ ഈ രീതി വിദൂര വോട്ടുയന്ത്രത്തിലേക്കുകൂടി കടന്നുവന്നാൽ തെരഞ്ഞെടുപ്പു സംവിധാനത്തിലുള്ള വിശ്വാസ്യത തന്നെ തകരും. വോട്ടുചെയ്യുന്നയാൾക്ക് പരിശോധിക്കാൻ പാകത്തിൽ രസീത് നൽകുന്ന വിവിപാറ്റ് സ്ലിപ് എണ്ണുന്ന ബൂത്തുകളുടെ എണ്ണം വർധിപ്പിച്ച് വോട്ടെടുപ്പിന്റെ വിശ്വാസ്യത കൂട്ടണം എന്നതടക്കം പല ക്രിയാത്മക നിർദേശങ്ങളും കോൺഗ്രസ് മുന്നോട്ടുവെച്ചെങ്കിലും സ്വീകരിച്ചില്ല.
പ്രതിപക്ഷ പാർട്ടികളുടെ ഉത്കണ്ഠകൾ സത്യസന്ധമായി പരിശോധിച്ചും തെരഞ്ഞെടുപ്പു സംവിധാനത്തിൽ സുതാര്യത കൊണ്ടുവന്നും വിശ്വാസം വീണ്ടെടുക്കാൻ തെരഞ്ഞെടുപ്പു കമീഷന് കഴിയണം. ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പു സംവിധാനത്തിന്റെ വിശ്വാസ്യത പരമപ്രധാനമാണ്. വോട്ട് കൃത്യമായി രേഖപ്പെടുത്തുന്നുണ്ടോ എന്ന കാര്യത്തിൽ സമ്മതിദായകന്റെ വിശ്വാസം നേടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജർമനിയുടെ പരമോന്നത കോടതി ഇലക്ട്രോണിക് വോട്ടുയന്ത്രത്തിനെതിരെ വിധി പ്രസ്താവിച്ചിരുന്ന കാര്യവും കോൺഗ്രസ് എടുത്തുപറഞ്ഞു.
വിദൂര വോട്ടുയന്ത്രത്തിന്റെ പ്രവർത്തനം നിരീക്ഷിക്കാൻ ജനുവരി 26ന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ തെരഞ്ഞെടുപ്പു കമീഷൻ ക്ഷണിച്ചിരിക്കുകയാണ്. പ്രവർത്തനം വിലയിരുത്തി ജനുവരി 31നകം അഭിപ്രായം എഴുതി അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസ് പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.