ന്യൂഡൽഹി: മൂന്ന് മണിക്കൂറിനുള്ളിൽ ഡീപ്പ്ഫേക്ക് വിഡിയോകളും ഓഡിയോകളും നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. രാഷ്ട്രീയപാർട്ടികൾക്ക് ഇതുസംബന്ധിച്ച് കമീഷൻ നോട്ടീസയച്ചു. കമീഷന്റെ നോട്ടീസ് ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ വ്യാജ വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്ന ഇത്തരം വിഡിയോകളും ഓഡിയോകളും നീക്കണമെന്നാണ് നിർദേശം.
സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഡീപ്പ്ഫേക്ക് വിഡിയോകളും ഓഡിയോകളും പ്രസിദ്ധീകരിക്കരുതെന്നും തെരഞ്ഞെടുപ്പ് കമീഷൻ നിർദേശമുണ്ട്. ഇത്തരം വിഡിയോകളും ഓഡിയോകളും തെറ്റായ വിവരങ്ങൾ ആളുകൾക്ക് നൽകുന്നതിന് കാരണമാവുമെന്നും കമീഷൻ വ്യക്തമാക്കി. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഇത്തരം വിഡിയോകൾ പോസ്റ്റ് ചെയ്യുന്ന പ്രവർത്തകർക്ക് രാഷ്ട്രീയപാർട്ടികൾ മുന്നറിയിപ്പ് നൽകണമെന്നും കമീഷൻ നിർദേശിച്ചു.
നേരത്തെ കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലുള്ള സംഘം തെരഞ്ഞെടുപ്പ് കമീഷനുമായി കൂടിക്കാഴ്ച നടത്തി ഡീപ്പ്ഫേക്ക് വിഡിയോകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എ.ഐ ടൂളുകൾ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കമീഷൻ എതിരല്ലെങ്കിലും ഇത്തരം ടൂളുകളുടെ സഹായത്തോടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലാണ് ഇപ്പോൾ കമീഷന്റെ നടപടിയുണ്ടായിരിക്കുന്നത്.
അതേസമയം, സമൂഹമാധ്യമങ്ങളിലെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളും വ്യാജ യൂസർ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങളും കൈമാറണമെന്നും തെരഞ്ഞെടുപ്പ് കമീഷൻ രാഷ്ട്രീയപാർട്ടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ കോൺഗ്രസിനെ അപമാനിക്കുന്ന രീതിയിൽ ബി.ജെ.പി തയാറാക്കിയ അനിമേഷൻ വിഡിയോകൾക്കെതിരെ പാർട്ടി തെരഞ്ഞെടുപ്പ് കമീഷന് ഉൾപ്പടെ പരാതി നൽകിയെങ്കിലും ഇനിയും കാര്യമായ നടപടിയുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.