ന്യൂഡൽഹി: ജോലിക്കുവേണ്ടി വിദേശത്തു പോകാനുള്ള രേഖകൾ സമ്പാദിക്കാൻ ഡൽഹിയിലെത്തി വാടക വീടിെൻറ ഉടമ പൂട്ടിയിട്ട മലയാളി കുടുംബത്തിന് മോചനം. തിരുവനന്തപുരം ചിറയന്‍കീഴ് സൗത്ത് അരയന്‍തുരുത്തി പുതുവല്‍ വീട്ടില്‍ അഖില്‍ അലോഷ്യസിനെയും ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയുമാണു മുഖ്യമന്ത്രി പിണറായി വിജയെൻറ ഒാഫിസ് സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തിയത്. അഖില്‍ ഭാര്യ അഞ്ജിതയെയും കുഞ്ഞുങ്ങളെയും കൂട്ടി വിദേശത്തു ജോലിക്കു പോകുന്നതിെൻറ ഒരുക്കത്തിലായിരുന്നു. ഒരുമാസം മുമ്പാണ് ഡല്‍ഹിയിലെത്തിയത്. ഓണ്‍ലൈനിലൂടെ നഗരപ്രാന്തത്തിലെ ഖാന്പൂരിലുള്ള ദുഗര്‍ കോളനിയില്‍ ഒരു വീടിെൻറ മുറി ഇവര്‍ ഒരു മാസത്തേക്ക് വാടകക്കെടുത്തിരുന്നു. ഡൽഹിയിലെ യാത്രക്കിടയിൽ ഇവരുടെ പാസ്പോര്‍ട്ടുകളും മറ്റു സാധനങ്ങളും നഷ്ടപ്പെട്ടു.
ഇവർക്കൊപ്പം ചേര്‍ന്ന പരിചയക്കാരായ വയനാട് സുല്‍ത്താൻ ബത്തേരി മലങ്കരവയല്‍ അബ്ദുറഹ്മാന്, മുഹമ്മദ് അബ്ദുൽ, മലപ്പുറം സ്വദേശി മുഹമ്മദ് സെഫാന് എന്നിവരും വിദേശത്തു പോകാനുള്ള ശ്രമങ്ങള്‍ക്കായി ഇതേ വീട്ടില്‍ മറ്റൊരു മുറി എടുത്തിരുന്നു. എന്നാല്‍, അബ്ദുറഹ്മാനും സെഫാനും വാടക മുന്‍കൂറായി നല്കാന് കഴിഞ്ഞിരുന്നില്ല. രണ്ടു കൂട്ടരുടെയും മുറിയുടെ വാടക തീയതി കഴിഞ്ഞ 16നു കഴിഞ്ഞു. വാടക കൊടുത്തില്ലെന്ന കാരണത്താല്‍ വീട്ടുടമ ഇവരെ പൂട്ടിയിട്ടു. മർദിക്കുകയും വാച്ച്, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.
ഇതോടെ, ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയായി. സെഫാന് അവിടെനിന്ന് രക്ഷപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി. ജയരാജനെ ഫോണില്‍ വിളിച്ച് സഹായം തേടുകയായിരുന്നു. തുടര്‍ന്ന്, അദ്ദേഹം കേരള ഹൗസ് റെസിഡൻറ് കമീഷണര്‍ പുനീത്കുമാറിനെയും കണ്ട്രോളര് ജോര്‍ജ് മാത്യുവിനെയും വിളിച്ച് അടിയന്തര നടപടികള്‍ക്കു നിര്‍ദേശം നല്കി. ഡല്‍ഹി നോര്‍ക്ക ഡെവലപ്മെൻറ് ഓഫിസര്‍ എസ്. ശ്യാം കുമാറിെൻറ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ എല്ലാവരെയും കണ്ടെത്തി. അഖിലിനെയും കുടുംബത്തെയും മറ്റു രണ്ടു പേരെയും കേരള ഹൗസില്‍ എത്തിച്ചു. ഭക്ഷണം ലഭിക്കാതെ മൂന്നും ഒന്നും വയസ്സുള്ള കുഞ്ഞുങ്ങള്‍ അവശരായിരുന്നു. ഇവരെ പിന്നീട് ട്രെയിന്‍ മാര്‍ഗം നാട്ടിലേക്കു കയറ്റിവിടാനുള്ള നടപടികളും പൂര്‍ത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.