ഹൈദരാബാദ്: ഹിന്ദു ജനസംഖ്യ കുറയുന്നുവെന്ന പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി റിപ്പോർട്ടിൽ പ്രതികരണവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി രംഗത്ത്. വാട്സാപ് യൂനിവേഴ്സിറ്റിയിൽ നിന്നുള്ള റിപ്പോർട്ടാകും ഇതെന്നു പറഞ്ഞ ഉവൈസി ആരാണ് ഈ റിപ്പോർട്ട് തയാറാക്കിയതെന്നും ചോദിച്ചു. ആർ.എസ്.എസും ബി.ജെ.പിയും ഇന്ത്യയിലെ ബഹുസ്വരതയും വൈവിധ്യവും ഇഷ്ടപ്പെടുന്നില്ലെന്നും ഉവൈസി പറഞ്ഞു.
1950 മുതൽ 2015 വരെ രാജ്യത്തെ ഹിന്ദു ജനസംഖ്യ 7.82 ശതമാനം കുറഞ്ഞെന്നാണ് സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്. 84.68 ശതമാനമായിരുന്ന ഹിന്ദു ജനസംഖ്യ 2015ൽ 78.06 ശതമാനമായെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇക്കാലയളവിൽ മുസ്‌ലിം ജനസംഖ്യ 9.84 ശതമാനത്തിൽനിന്ന് 14.09 ശതമാനമായി ഉയർന്നതായും അവകാശപ്പെടുന്നു. ക്രിസ്ത്യൻ, സിഖ്, ബുദ്ധ വിഭാഗങ്ങൾക്കിടയിൽ നേരിയ വർധനയുണ്ടായെന്നും എന്നാൽ ജൈന, പാഴ്സി ജനസംഖ്യ കുറഞ്ഞെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ബി.ജെ.പി നേതാക്കൾ കോൺഗ്രസിനെതിരെ വർഗീയ പ്രചാരണവുമായി രംഗത്തുവന്നു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഹിന്ദുക്കൾക്ക് രാജ്യമുണ്ടാകില്ലെന്നാണ് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തത്. കോൺഗ്രസിന്‍റേത് പ്രീണന രാഷ്ട്രീയമാണെന്നും ഹിന്ദു ജനസംഖ്യ കുറയാൻ കോൺഗ്രസിന്റെ നയങ്ങൾ കാരണമായെന്നും ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടമായ മേയ് 13നാണ് ഹൈദരാബാദ് ഉൾപ്പെടെ തെലങ്കാനയിലെ 17 മണ്ഡലങ്ങൾ ജനവിധി തേടുന്നത്. മുൻമുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ ഭാരത് രാഷ്ട്ര സമിതി, ഇൻഡ്യ മുന്നണി, എൻ.ഡി.എ എന്നിവ തമ്മിലാണ് മത്സരം. ഹൈദരാബാദിനു പുറമെ കരിംനഗർ, നിസാമാബാദ്, സെക്കന്ദരാബാദ് മണ്ഡലങ്ങളിലും കടുത്ത പോരാട്ടം നടക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.