മൈസൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ദിവസമായ നാളെ സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും. ജീവനക്കാർക്ക് വോട്ടുരേഖപ്പെടുത്തുന്നതിനും സംസ്ഥാനത്തെ പൗരൻമാരെ വോട്ടുചെയ്യാൻ പ്രേരിപ്പിക്കുന്നതിനുമാണ് നിയന്ത്രണമെന്ന് കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ (കെഎസ്ടിഡിസി) വൃത്തങ്ങൾ അറിയിച്ചു. പരിമിതമായ സ്റ്റാഫായിരിക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഉണ്ടാവുകയെന്നും അവർ പറഞ്ഞു.
അതേസമയം, മെസൂർ മൃഗശാല ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും നാളെ പതിവുപോലെ തുറന്ന് പ്രവർത്തിക്കുമെന്നും സന്ദർശകരെ അനുവദിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണർ ഡോ. കെ.വി. രാജേന്ദ്ര വ്യക്തമാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് ഭരണകൂടത്തിൽനിന്ന് ഔദ്യോഗിക അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
"മൈസൂരു കൊട്ടാരവും ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡനും (മൈസൂരു മൃഗശാല) തുറക്കും. ജീവനക്കാർക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കും. കർണാടക സ്വദേശികളായ വിനോദസഞ്ചാരികളെ വോട്ടുചെയ്യാൻ പ്രേരിപ്പിക്കാൻ പ്രവേശന കവാടങ്ങളിൽ ഉദ്യോഗസ്ഥരെ നിയോഗിക്കും” -ഡോ. രാജേന്ദ്ര പറഞ്ഞു.
എന്നാൽ, ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിനായി കർണാടകയിലെ പല ടൂറിസം സൈറ്റുകളും മെയ് 10 ന് അടച്ചിടുമെന്നും ജീവനക്കാർക്ക് അവധി നൽകിയിട്ടുണ്ടെന്നും കെ.എസ്.ടി.ഡി.സി അറിയിച്ചു.
അതേസമയം, നാളെ മാണ്ഡ്യ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വോട്ടുചെയ്ത തെളിവ് ഹാജരാക്കിയാൽ മാത്രമേ വോട്ടവകാശമുള്ള കർണാടക സ്വദേശികളെ പ്രവേശിപ്പിക്കുകയുള്ളൂ എന്ന് മാണ്ഡ്യ ഡിസി എച്ച്എൻ ഗോപാലകൃഷ്ണ അറിയിച്ചു. വോട്ട് ചെയ്തതിന് തെളിവായി മഷി പുരണ്ട വിരൽ കാണിച്ചില്ലെങ്കിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ വിനോദസഞ്ചാര സ്ഥലങ്ങളിൽ കർണാടകക്കാരെ പ്രവേശിപ്പിക്കില്ല. കൃഷ്ണരാജ സാഗർ, ബൃന്ദാവൻ ഗാർഡൻ, മുത്തത്തി, ശിവനസമുദ്ര വെള്ളച്ചാട്ടം, രംഗനത്തിട്ട് പക്ഷി സങ്കേതം, ബാലമുറി, ദരിയ ദൗലത്ത് പാലസ് എന്നിവിടങ്ങളിലാണ് നിയന്ത്രണം
കുടക് ജില്ലാ ഭരണകൂടവും സമാനമായ തീരുമാനമെടുത്തിട്ടുണ്ട്. മടിക്കേരി രാജ സീറ്റ്, ജനറൽ തിമയ്യ സ്മാരകം, മ്യൂസിയം, അബ്ബിഫാൾസ്, സോമവാർപേട്ട് മല്ലല്ലി വെള്ളച്ചാട്ടം തുടങ്ങിയ കേന്ദ്രങ്ങളിൽ വോട്ടവകാശം വിനിയോഗിക്കാത്ത വിനോദസഞ്ചാരികളെ അനുവദിക്കില്ല. എന്നാൽ, കർണാടകയ്ക്ക് പുറത്ത് നിന്നുള്ള വിനോദസഞ്ചാരികൾക്കും കുട്ടികൾക്കും ഈ നിയന്ത്രണം ബാധകമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.