ന്യൂഡൽഹി: കഠ്വ, ഉന്നാവ് ബലാത്സംഗക്കേസ് പ്രതികളെയും വിദ്വേഷ പ്രചാരണം നടത്തുന്നവരെയും കർശനമായി നേരിട്ട് രാജ്യം അരാജകത്വത്തിലേക്ക് വീണുപോകുന്നത് തടയണമെന്ന് വിരമിച്ച 49 ഉന്നത ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്. സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും അന്ധകാരമായ മണിക്കൂറാണിതെന്നും കാര്യങ്ങൾ ഭയാനകമായ അവസ്ഥയിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിൽ കുറ്റപ്പെടുത്തി.
ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ സർക്കാറും ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. നാം മുങ്ങിക്കൊണ്ടിരിക്കുന്ന ദുർഗന്ധത്തിെൻറ ആഴം വ്യക്തമാക്കുന്ന കിരാതത്വമാണ് എട്ടു വയസ്സുകാരിയുടെ ബലാത്സംഗത്തിലും കൊലപാതകത്തിലുമുള്ളത്. സർക്കാറിെൻറയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും മതിയായ പ്രതികരണമുണ്ടായില്ല.
ഇൗ ഭീകരവൃത്തിക്ക് ആരേക്കാളും ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കാരണം, ജമ്മു-കശ്മീരിലും ഉത്തർപ്രദേശിലും ബി.ജെ.പിയാണ് ഭരണത്തിൽ. പാർട്ടിയിൽ പരമാധികാരം താങ്കൾക്കാണ്. എന്നാൽ, പൊതുസമൂഹത്തിെൻറ പ്രതിഷേധം ശക്തമായപ്പോൾ മാത്രമാണ് താങ്കൾ മൗനം ഭഞ്ജിച്ചത്. സംഭവത്തെ അപലപിച്ചെങ്കിലും ഇതിനു പിറകിലെ വർഗീയ ലക്ഷണത്തെ താങ്കൾ അപലപിച്ചില്ല. നമ്മുടെ സാമൂഹിക-ധാർമിക ക്രമത്തിൽ ഇൗ സംഭവങ്ങളുണ്ടാക്കിയ മുറിവ് മാരകമാണ്. ഭരണഘടനാമൂല്യങ്ങൾതന്നെ പ്രതിസന്ധിയിലായ ഇൗ ഘട്ടത്തിൽ പ്രധാനമന്ത്രി അടിയന്തര പരിഹാര നടപടിയെടുക്കണം.
കഠ്വ, ഉന്നാവ് പീഡനത്തിനിരയായവരുടെ കുടുംബങ്ങളെ സന്ദർശിച്ച് മാപ്പുപറയുക, പ്രതികളെ അതിവേഗ വിചാരണ ചെയ്യുക, മുസ്ലിം, ദലിത്, ന്യൂനപക്ഷം, സ്ത്രീകൾ, കുട്ടികൾ തുടങ്ങിയവർക്ക് പ്രത്യേക സുരക്ഷ ഉറപ്പുനൽകുക, വിദ്വേഷ കുറ്റകൃത്യവുമായി ബന്ധമുള്ളവരെ സർക്കാറിൽനിന്ന് ഒഴിവാക്കുക, എല്ലാ പാർട്ടികളുടെയും യോഗം വിളിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കത്തിലുള്ളത്.
അരുണ റോയ്, ജൂലിയോ റെബീറോ, എസ്.പി. അംറോസ്, വി. ബാലചന്ദ്രൻ, കെ.പി. ഫാബിയാൻ, മീന ഗുപ്ത, സുശീൽ ദുബൈ, വജഹാത് ഹബീബുല്ല, സജ്ജാദ് ഹുസൈൻ തുടങ്ങിയവരാണ് കത്തിൽ ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.