പട്ന: ബിഹാറിൽ പട്ടാപ്പകൽ റിട്ടയേർഡ് അധ്യാപകനെ വെടിവെച്ചുകൊന്നു. ബിഹാറിലെ ബെഗാസുരൈയിലായിരുന്നു സംഭവം. ബഗാസുരൈ സ്വദേശിയായ ജവഹർ റായ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല.
ഞായറാഴ്ച പുലർച്ചെ പ്രഭാതസവാരിക്ക് ഇറങ്ങിയ അധ്യാപകനെയാണ് സംഘം വെടിവെച്ചുകൊലപ്പെടുത്തിയത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് വർഷം മുമ്പ് ഇദ്ദേഹത്തിന്‍റെ മകനെയും സമാന രീതിയിൽ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. മകന്‍റെ കൊലപാതകത്തിൽ ഏക ദൃക്സാക്ഷിയായിരുന്നു ജവഹർ. മകന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചിരിക്കെയാണ് കൊലപാതകം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ജവഹറിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസവും ബിഹാറിൽ സമാന രീതിയിൽ കൊലപാതകം റിപ്പോർട്ട് ചെയ്തിരുന്നു. ഹിന്ദി ദിനപത്രമായ ദൈനിക ജാഗരണിലെ മാധ്യമപ്രവർത്തകൻ വിമൽ യാദവാണ് കൊല്ലപ്പെട്ടത്. വീട്ടിലെത്തിയ ആക്രമികൾ വിമലിന് നേരെ വെടിയുതിർക്കുകയാണ്. രമ്ട് വർഷം മുമ്പ് സമാനരീതിയിൽ അദ്ദേഹത്തിന്‍റെ സഹോദരനെ കൊലപ്പെടുത്തിയിരുന്നു. ഇതിന്‍റെ ദൃക്സാക്ഷിയായ വിമലിനോട് മൊഴി മാറ്റിപ്പറയണമെന്നും കേസ് പിൻവലിക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് നിരസിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.