ന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസിൽ റിയ ചക്രബർത്തിയെ അറസ്റ്റ് ചെയ്ത നടപടി അസംബന്ധമാണെന്ന് കോൺഗ്രസ് നേതാവ് അധീർ രജ്ഞൻ ചൗധരി. റിയ ഒരു ബംഗാളി ബ്രാഹ്മണ യുവതിയാണ്. അവരുടെ പിതാവ് വിരമിച്ച ആർമി ഉദ്യോഗസ്ഥനും. തങ്ങളുടെ മക്കൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെടാൻ അദ്ദേഹത്തിന് അവകാശമുണ്ടെന്നും ലോക്സഭാഗം കൂടിയായ കോൺഗ്രസ് നേതാവ് പറഞ്ഞു.
അധീർ ചൗധരിയുടെ പരാമർശം വിവാദമാകുകയും സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുയരുകയും ചെയ്തു. ബിഹാർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്് നേട്ടമുണ്ടാക്കുന്നതിനായി ഹിന്ദി നടനായ സുശാന്തിനെ ബിഹാറി നടനാക്കി മാറ്റി. ഇതിെൻറ ഭാഗമായാണ് ബി.ജെ.പി ബിഹാർ യൂനിറ്റ് 'ജസ്റ്റിസ് ഫോർ സുശാന്ത് സിങ് രാജ്പുത്' പോസ്റ്ററുകളും ബാനറുകളും പുറത്തിറക്കിയതെന്നും കുറ്റപ്പെടുത്തി. സുശാന്തിെൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐക്ക് വിട്ടതിൽ എൻ.ഡി.എയുടെ ഭാഗമായ നിതീഷ് കുമാർ ക്രഡിറ്റ് നേടിയെടുക്കാൻ ഒരുങ്ങുന്നതായും അദ്ദേഹം പറഞ്ഞു.
'റിയ ചക്രബർത്തിക്കെതിരെ ആത്മഹത്യ, കൊലപാതകം, സാമ്പത്തിക ക്രമക്കേട് എന്നിവയിൽ കേസെടുത്തിട്ടില്ല. അവരെ മയക്കുമരുന്നുകേസിൽ അനധികൃതമായി അറസ്റ്റ് ചെയ്യുകയായിരുന്നു. രാഷ്ട്രീയ കക്ഷികളെ പ്രീതിപ്പെടുത്തുന്നതിനായി േകന്ദ്ര ഏജൻസികൾ അവരുടെ പങ്ക് വഹിക്കുന്നു. ശേഷം കടലിൽ ഇറങ്ങി അമൃതിന് പകരം മയക്കുമരുന്ന് തിരയുന്നു. ഒരിക്കൽ ഇരുൾ മാറി ആരാണ് കൊലയാളി എന്നത് പുറത്തുവരും' -ചൗധരി കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ചയാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ റിയ ചക്രബർത്തിയെ അറസ്റ്റ് ചെയ്യുന്നത്. അതിനുമുമ്പ് സഹോദരൻ ശൗവിക് ചക്രബർത്തിയെയും അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ സുശാന്തിെൻറ മാനേജർ ഉൾപ്പെടെ പത്തോളം പേരും കേസിൽ അറസ്റ്റിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.