കാവടി യാത്ര: പേര് പ്രദർശിപ്പിക്കാത്ത ​മുസ്‍ലിം വ്യാപാരികളെ ഭീഷണിപ്പെടുത്തി ഹിന്ദു രാഷ്ട്ര സേന

ലഖ്നോ: കാവടി യാത്രാ റൂട്ടുകളിൽ കടയുടമകളുടെ പേരുകൾ വലിപ്പത്തിൽ എഴുതി പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ വിവാദ ഉത്തരവ് നടപ്പാക്കാൻ മുസ്‍ലിം വ്യാപാരികളെ ഭുഷണിപ്പെടുത്തി അഖണ്ഡ ഹിന്ദു രാഷ്ട്ര സേന എന്ന തീവ്രഹിന്ദുത്വ സംഘടന. ഇന്നലെ ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സംഘടന നേതാവ് ശിവപ്രതാപ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഴക്കച്ചവടക്കാരായ മുസ്‍ലിംകളെ ഭീഷണിപ്പെടുത്തിയത്.

ഹിന്ദുക്കളുടെ സുപ്രധാന തീർഥാടനമായ കാവടി യാത്ര (കൻവാർ യാത്ര) പോകുന്ന വഴികളിൽ ഉടമകളുടെ പേരുകൾ കടകൾക്ക് മുന്നിൽ വലിയ അക്ഷരങ്ങളിൽ എഴുതി പ്രദർശിപ്പിക്കണമെന്നായിരുന്നു ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവ്. ആയിരക്കണക്കിന് ഭക്തർ പ​ങ്കെടുക്കുന്ന കാവടി യാത്രയെ തീവ്രഹിന്ദുത്വ വാദികൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി വർഗീയ ചേരിതിരിവിനുള്ള ഉപകരണമാക്കി മാറ്റുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വിഡിയോയിൽ, ശിവപ്രതാപ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം അംഗങ്ങളെ വഴിയോര മുസ്‍ലിം കച്ചവടക്കാരെ സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുന്നത് കാണാം. തങ്ങളുടെ വണ്ടികൾക്ക് മുന്നിൽ രണ്ട് മണിക്കൂറിനുള്ളിൽ പേരെഴുതിയ ബോർഡ് വെച്ചില്ലെങ്കിൽ പൊലീസിൽ അറിയിക്കുമെന്നും വിൽപനക്കുവെച്ച പഴങ്ങൾ പിടിച്ചെടുക്കുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.

ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഉത്തരാഖണ്ഡും ഉത്തർപ്രദേശിന് പിന്നാലെ ഇതേ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതിനിടെ, വിവാദ ഉത്തരവ് ഇന്ന് സുപ്രീംകോടതി സ്റ്റേ ചെയ്തു. ധാബകൾ, റസ്റ്റോറന്റുകൾ, പച്ചക്കറി വിൽപനക്കാർ, ഭക്ഷ്യവിൽപനക്കാർ, വഴിയോര കച്ചവടക്കാർ തുടങ്ങിയ കച്ചവടക്കാർ കാവടി യാത്രക്കാർക്ക് തങ്ങൾ തയാറാക്കിയ ഭക്ഷണങ്ങളുടെ പേരുവിവരങ്ങൾ എഴുതി പ്രദർശിപ്പിച്ചാൽ മതിയെന്നാണ് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയത്. തങ്ങളുടെ സ്ഥാപനങ്ങളിൽ ഉടമകളുടെയും തൊളിലാളികളുടെയും പേരുവിവരങ്ങൾ പ്രദർശിപ്പിക്കാൻ നിർബന്ധിക്കരുതെന്നും ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ്.വി.എൻ ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ച് കൂട്ടിച്ചേർത്തു.

കാവടി യാത്ര കടന്നുപോകുന്ന ഡൽഹി, ഉത്തർപ്രദേശ്, ഉത്തരഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഈ സംസ്ഥാനങ്ങൾ ഈ കേസിൽ കക്ഷിയായിട്ടില്ലെങ്കിൽ സ്വമേധയാ കക്ഷി ചേരണമെന്നും ബെഞ്ച് നിർദേശിച്ചു. വിഷൻ 2026ന്റെ ഭാഗമായുള്ള അസോസിയേഷൻ ഓഫ് പ്രൊട്ടക്ഷൻ ഓഫ് സിവിൽറൈറ്റ്സ് (എ.പി.സി.ആർ), തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര, ഡൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദ്, ആക്ടിവിസ്റ്റ് അക്ബർ പട്ടേൽ എന്നിവർ സമർപ്പിച്ച ഹരജിയിലാണ് ഈ വിഷയത്തിൽ സുപ്രീംകോടതി ഇനിയൊരു വിധി പുറപ്പെടുവിക്കുന്നത് വരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹരജിക്കാർക്കു വേണ്ടി മുതിർന്ന സുപ്രീംകോടതി അഭിഭാഷകരായ സി.യു സിങ്ങ്, അഭിഷേക് മനു സിങ്‍വി, ഹുസേഫ അഹ്മദി എന്നിവർ ഹാജരായി. 

Tags:    
News Summary - Right-wing group badgers vendors in UP over govt’s directive amid Kanwar Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.