‘ബംഗാൾ മുഖ്യമന്ത്രി അവരുടെ കടമ മറന്നു; അതിവേഗ കോടതികൾ സ്ഥാപിക്കാൻ 2021ൽ നിർദേശിച്ചിരുന്നു’

ന്യൂഡൽഹി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കുള്ള ശിക്ഷ കഠിനമാക്കുന്ന ‘അപരാജിത’ ബിൽ പാസാക്കിയതിനു പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് വർഷം മുമ്പ് മമതക്ക് അയച്ച കത്ത് പങ്കുവെച്ചുകൊണ്ടാണ് കിരൺ റിജിജു വിമർശനമുന്നയിച്ചത്. പോക്സോ കേസുകളും ബലാത്സംഗ കേസുകളും തീർപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കണമെന്ന നിർദേശം പാലിക്കാത്ത ബംഗാൾ മുഖ്യമന്ത്രി അവരുടെ കടമ മറന്നെന്ന് റിജുജു പറയുന്നു.

“പശ്ചിമ ബംഗാൾ മുഖ്യമന്ത്രി, സ്ത്രീകൾക്കും കുട്ടികൾക്കും വേഗത്തിലുള്ള നീതി ലഭ്യമാക്കുക എന്ന അവരുടെ ഏറ്റവും പവിത്രമായ കടമ അവഗണിച്ചതിൽ എനിക്ക് സങ്കടമുണ്ട്. 2021ലെ ഈ കത്തിൽ അതിനായുള്ള നിയമനിർമാണം നടത്തണമെന്ന് വ്യക്തമായി ആവശ്യപ്പെടുന്നുണ്ട്. ബലാത്സംഗം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ 2018ൽ പാർലമെൻ്റ് കർശന നിയമം പാസാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾ ഉടൻ നടപടിയെടുക്കണം” -കിരൺ റിജിജു എക്സിൽ കുറിച്ചു.

വിഷയം ഏറെ ഗൗരവകരമാണെന്നും രാഷ്ട്രീയവൽക്കരിക്കരുതെന്നും റിജിജു പറഞ്ഞു. ശക്തമായ നിയമങ്ങൾ ആവശ്യമാണ്, എന്നാൽ നടപടികൾ അതിലേറെ പ്രധാനമാണ്. മുഖ്യമന്ത്രിക്ക് കത്തയച്ചപ്പോൾ മാധ്യമങ്ങളിലെല്ലാം അത് വലിയ വാർത്തയായിരുന്നു. എന്നാൽ നടപടി സ്വീകരിക്കുന്നതിൽ പശ്ചിമ ബംഗാൾ സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബലാത്സംഗക്കൊലക്ക് വധശിക്ഷ ശിപാർശ ചെയ്യുന്ന ബിൽ കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാൾ നിയമസഭ പാസാക്കിയത്. എതിർപ്പില്ലാതെയാണ് കരട് പാസായത്. ഗവർണറുടെയും രാഷ്ട്രപതിയുടെയും ഒപ്പ് കിട്ടുന്ന മുറയ്ക്ക് ബിൽ നിയമമാകും. ബലാത്സംഗത്തിരയാകുന്നവർ കൊല്ലപ്പെടുകയോ മൃതപ്രായരാവുകയോ ചെയ്താൽ കുറ്റവാളിക്ക് വധശിക്ഷ ശിപാർശ ചെയ്യുന്നു. അതിക്രമം നടത്തുന്നവർക്ക് ശേഷിക്കുന്ന ജീവിതകാലം മുഴുവൻ ജയിൽശിക്ഷ നൽകുമെന്നും പുതിയ നിയമത്തിൽ പറയുന്നു.

Tags:    
News Summary - Rijiju Slams Mamata Over Old Letter Seeking Fast-Track Courts For Rape Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.