ഋഷി സുനക് പ്രധാനമന്ത്രിയായി അധികാരമേറ്റത് ആഘോഷമാക്കി ലുധിയാനയിലെ ബന്ധുക്കൾ

ലുധിയാന: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്‍റെ 57ാം പ്രധാനമന്ത്രിയായി ചുമതലയേറ്റിരിക്കുകയാണ്. ഋഷിസുനക് പ്രധാനമന്ത്രിയാവും എന്ന വാർത്ത പുറത്തുവന്നതോടെ അദ്ദേഹത്തിന്‍റെ ഇന്ത്യൻ വേരുകളെയാണ് എല്ലാവരും തിരയുന്നത്. ഋഷിയുടെ പൂർവികർ ഇന്ത്യയിൽ നിന്നു വിദേശത്തേക്ക് കുടിയേറിയവരാണ്.

ഋഷിയുടെ മുത്തച്ഛൻ (അമ്മയുടെ അച്ഛൻ) രഘുബീർ സെയ്ൻ ബെറി പഞ്ചാബ് സ്വദേശിയാണ്. രഘുബീറിന്‍റെ ബന്ധുക്കൾ ലുധിയാനയിലുണ്ട്. ഋഷി സുനകിന്‍റെ നേട്ടത്തിൽ ആഹ്ലാദത്തിലാണ് ഇവർ. ഋഷിയുടെ മുത്തച്ഛന്‍റെ നാലു സഹോദരങ്ങളും അവരുടെ കുടുംബവും ലുധിയാനയിലെ ജസ്സോവാൾ സുഡാനിലാണ് താമസിക്കുന്നത്.

രഘുബീർ 45 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നെന്നും നാട്ടിലുള്ള സഹോദരങ്ങളുമായി ബന്ധപ്പെടാറുണ്ടന്നും ബന്ധുക്കൾ പറയുന്നു. എന്നെങ്കിലും ബ്രിട്ടനിലെത്തി ഋഷിയെ കാണാൻ കഴിയും എന്ന പ്രതീക്ഷയും ഇവർ പങ്കുവെക്കുന്നു.

തുറമുഖനഗരമായ സതാംപ്ടണിൽ യഷ്‌വീർ സുനകിന്റെയും ഉഷയുടെയും മകനായാണ് ഋഷിയുടെ ജനനം. പിതാവ് കെനിയയിലും മാതാവ് താൻസാനിയയിലുമാണ് ജനിച്ചത്. അമ്മ ഫാർമസിസ്റ്റും പിതാവ് ഡോക്ടറുമായിരുന്നു. ഇൻഫോസിസിന്റെ സഹസ്ഥാപകനായ ഇന്ത്യൻ കോടീശ്വരൻ എൻ.ആർ. നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഋഷി സുനകിന്‍റെ ഭാര്യ.

പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ എതിരാളി പെന്നി മോർഡൗണ്ട് പിന്മാറിയതോടെയാണ് ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടത്. സാമ്പത്തികനയത്തിലെ പരാജയം ഏറ്റുപറഞ്ഞ് അധികാരത്തിലെത്തി നാല്‍പത്തിയഞ്ചാം ദിവസം ലിസ് ട്രസ് രാജിവെച്ചതോടെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഋഷി സുനകിന് സാധ്യത തെളിഞ്ഞത്. 

Tags:    
News Summary - Rishi Sunak's maternal grandpa belongs to Ludhiana village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.