ന്യൂഡൽഹി: പ്രധാനമന്ത്രി ആകാനുള്ള നിർദേശം നിരസിച്ചു എന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ അവകാശവാദത്തിന് പിന്നാലെ ആരോപണവുമായി ആർ.ജെ.ഡി എം.പി മനോജ് കുമാർ ജാ. ബി.ജെ.പിക്കുള്ളിൽ നേതൃസ്ഥാനങ്ങൾക്കായി യുദ്ധം നടക്കുന്നുണ്ടെന്നായിരുന്നു മനോജ് കുമാറിന്റെ ആരോപണം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കാം എന്ന ഒരു പ്രതിപക്ഷ രാഷ്ട്രീയ നേതാവിന്റെ വാഗ്ദാനം താൻ നിരസിച്ചെന്നായിരുന്നു ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞത്.
"ബി.ജെ.പിക്കുള്ളിൽ സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള യുദ്ധം നടക്കുന്നുണ്ട്. വരും നാളുകളിൽ നിങ്ങൾക്ക് അതിന്റെ ഫലം കാണാൻ കഴിയും. ഇത്തവണ ബി.ജെ.പി പ്രധാനമന്ത്രി മോദിയെ നേതാവായി തെരഞ്ഞെടുത്തോ? എൻ.ഡി.എ തെരഞ്ഞെടുത്ത ടൈം ലൈൻ പരിശോധിച്ച് നോക്കൂ ," മനോജ് കുമാർ ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
അതേസമയം നിതിൻ ഗഡ്കരിയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ സഖ്യത്തിൽ രാജ്യത്തെ നയിക്കാൻ കഴിവുള്ള നേതാക്കളുണ്ടെന്ന് ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി എക്‌സിൽ കുറിച്ചു.
പത്രപ്രവർത്തന അവാർഡ് ദാന ചടങ്ങിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ഗഡ്കരിയുടെ വിവാദ പ്രസ്താവന. ജീവിതലക്ഷ്യം പ്രധാനമന്ത്രി സ്ഥാനമായിരുന്നില്ലെന്നും അതിനാലാണ് നിർദേശം നിരസിച്ചതെന്നും ഗഡ്കരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.