അമേത്തി: കോൺഗ്രസിന്റെ അമേത്തിയിലെ സ്ഥാനാർഥിയെ സംബന്ധിച്ച് സസ്‍പെൻസ് നിലനിൽക്കുന്നതിനിടെ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രക്കായി പോസ്റ്ററുകൾ. പ്രാദേശിക കോൺഗ്രസ് ഓഫീസിന് പുറത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇക്കുറി അമേത്തിക്ക് റോബർട്ട് വദ്രയെ വേണമെന്നാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്.
മെയ് 20നാണ് അമേത്തിയിൽ വോട്ടെടുപ്പ് നടക്കുന്നത്. മെയ് മൂന്നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സിറ്റിങ് എം.പിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയെയാണ് ബി.ജെ.പി സ്ഥാനാർഥിയാക്കിയിരിക്കുന്നത്. എന്നാൽ, കോൺഗ്രസ് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
അമേത്തി ഗാന്ധി കുടുംബത്തിന്റെ സീറ്റായാണ് അറിയപ്പെടുന്നത്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ അമേത്തിയിൽ നിന്ന് വിജയിച്ചിരുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ രാഹുൽ വയനാട്ടിൽ നിന്നും വിജയിച്ചുവെങ്കിലും അമേത്തിയിൽ പരാജയപ്പെടാനായിരുന്നു വിധി.
2024ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും നാമനിർദേശ പത്രിക നൽകിയിട്ടുണ്ട്. ഏപ്രിൽ 26നാണ് വയനാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്. അമേത്തിയിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് പാർട്ടി തീരുമാനം അനുസരിച്ച് പ്രവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി മറുപടി നൽകിയിരുന്നു.
നേരത്തെ മണ്ഡലത്തിൽ നിന്നും മത്സരിക്കാനുള്ള താൽപര്യം റോബർട്ട് വദ്ര പ്രകടിപ്പിച്ചിരുന്നു. സ്മൃതി ഇറാനിയെ തെരഞ്ഞെടുത്തതിലൂടെയുണ്ടായ തെറ്റ് തിരുത്താൻ അമേത്തി ആഗ്രഹിക്കുന്നുണ്ട്. താൻ മത്സരിക്കുകയാണെങ്കിൽ മണ്ഡലത്തിൽ നിന്നും വലിയ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുമെന്നും റോബർട്ട് വദ്ര പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.