ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ അമേത്തിയിൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്ര. താൻ ഒരു എം.പിയാകാൻ തീരുമാനിച്ചാൽ അമേത്തിയെ പ്രതിനിധീകരിക്കണം എന്നാണ് അവിടുത്തെ ജനം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അമേത്തിയിലെ സിറ്റിങ് എം.പി സ്മൃതി ഇറാനിയെയും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിക്ക് ഗാന്ധി കുടുംബത്തെ ആക്രമിക്കുന്നതിൽ മാത്രമാണ് താൽപര്യമുള്ളത്, അല്ലാതെ പ്രദേശത്തിന്‍റെ വികസനവും അവിടുത്തെ ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നതിൽ അല്ലെന്നും വാദ്ര കുറ്റപ്പെടുത്തി. മേയ് 20ന് അഞ്ചാംഘട്ടത്തിലാണ് അമേത്തിയിൽ വോട്ടെടുപ്പ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേത്തിയിൽ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു.
ഗാന്ധി കുടുംബം റായ്ബറേലി, സുൽത്താൻപൂർ, അമേത്തി മണ്ഡലങ്ങളുടെ വികസനത്തിനായി കഠിനാധ്വാനം ചെയ്തു. എന്നാൽ ഇപ്പോൾ അമേത്തിയിലെ ജനം നിലവിലെ എം.പിയൊകാണ്ട് ബുദ്ധിമുട്ടുകയാണ്. സ്മൃതിയെ തെരഞ്ഞെടുത്തതിലൂടെ തങ്ങൾ തെറ്റ് ചെയ്തെന്നാണ് മണ്ഡലത്തിലെ ജനം വിശ്വസിക്കുന്നതെന്നും വദ്ര കൂട്ടിച്ചേർത്തു.
2004, 2009, 2014 തെരഞ്ഞെടുപ്പുകളില്‍ രാഹുല്‍ തുടര്‍ച്ചയായി വിജയിച്ച മണ്ഡലമാണിത്. രാഹുല്‍ ഇക്കുറിയും അമേത്തിയിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, വയനാട്ടിൽ മാത്രമാണ് രാഹുൽ പത്രിക നൽകിയത്. അമേത്തിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
റായ്ബറേലിയിലെ സിറ്റിങ് എം.പിയായ സോണിയാ ഗാന്ധി ബുധനാഴ്ച രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജസ്ഥാനിൽനിന്നാണ് സോണിയ തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.