പ്രിയങ്ക പാർലമെന്റിലെത്തുന്നതിൽ സന്തോഷം; ഉചിതമായ സമയത്ത് താനുമെത്തുമെന്ന് റോബർട്ട് വാദ്ര

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തുന്നതിൽ സന്തോഷമുണ്ടെന്ന് ഭർത്താവ് റോബർട്ട് വാദ്ര. ​രാഹുൽ ഗാന്ധി ഒഴിയുന്ന വയനാട് ലോക്സഭ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റോബർട്ട് വാദ്രയുടെ പ്രതികരണം. ഉചിതമായ സമയത്ത് താനും പാർലമെന്റിലെത്തുമെന്ന് റോബർട്ട് വാദ്ര പറഞ്ഞു.

ബി.ജെ.പിയെ ഒരു പാഠം പഠിപ്പിച്ചതിന് താൻ ഇന്ത്യയിലെ ജനങ്ങളോട് ആദ്യമായി നന്ദി പറയുകയാണ്. മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയമാണ് അവർ രാജ്യത്ത് കൊണ്ടു വരാൻ ശ്രമിച്ചത്. പ്രിയങ്ക ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുന്നതിൽ സന്തോഷമുണ്ട്. പ്രിയങ്ക ഗാന്ധി തനിക്ക് മുമ്പ് പാർലമെന്റിലെത്തും. ഉചിതമായ സമയത്ത് താനും പാർലമെന്റിലെത്തും. വയനാട്ടിലെ ജനങ്ങൾ നല്ല ഭൂരിപക്ഷത്തിൽ പ്രിയങ്കയെ വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും റോബർട്ട് വാദ്ര പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ അമേത്തി സീറ്റിൽ നിന്നും താൻ മത്സരിക്കണമെന്ന് വിവിധ കേ​ന്ദ്രങ്ങളിൽ നിന്നും ആവശ്യമുയരുന്നുണ്ടെന്ന് റോബർട്ട് വാദ്ര പറഞ്ഞിരുന്നു. ജനങ്ങൾക്ക് തന്റെ കഠിനാധ്വാനത്തെ കുറിച്ച് അറിയാമെന്നും അതിനാൽ താൻ മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ താൻ നടത്തുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ടെന്നും റോബർട്ട് വാദ്ര വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരിലാൽ ശർമ്മയെയാണ് അമേത്തിയിൽ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. ബി.ജെ.പി സ്ഥാനാർഥി സ്മൃതി ഇറാനിയെ വൻ ഭൂരിപക്ഷത്തിൽ ശർമ്മ പരാജയപ്പെടുത്തിയിരുന്നു. കിഷോരി ലാൽ ശർമ്മക്ക് വേണ്ടി മുഴുവൻ സമയവും പ്രചാരണത്തിനിറങ്ങിയത് പ്രിയങ്ക ഗാന്ധിയായിരുന്നു.

Tags:    
News Summary - Robert Vadra's 'before me in Parliament' reaction to Priyanka Gandhi's Wayanad move

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.