സത്യപ്രതിജ്ഞയിൽ പ്രതിപക്ഷ നേതാവിന്റെ ഇരിപ്പിടത്തെ ചൊല്ലി വിവാദം

ന്യൂഡൽഹി: ദ്രൗപദി മുർമുവിന്റെ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള സത്യപ്രതിജ്ഞ വേളയിൽ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗെക്ക് അവഗണനയെന്ന് ആരോപണം. അദ്ദേഹത്തിന് അർഹമായ ഇരിപ്പിടം നൽകിയില്ലെന്നാരോപിച്ച് നിരവധി പ്രതിപക്ഷ നേതാക്കൾ തിങ്കളാഴ്ച രാജ്യസഭ അധ്യക്ഷന് കത്തയച്ചു.

എന്നാൽ, ഇരിപ്പിടം ഒരുക്കിയത് സംബന്ധിച്ച് കോൺഗ്രസ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയൽ ആരോപിച്ചു. ഉച്ച മൂന്നോടെ വീണ്ടും സഭ സമ്മേളിച്ചപ്പോൾ പ്രതിപക്ഷം വിഷയം ഉന്നയിച്ചു. തുടർന്ന്, മൂന്നാംനിരയിൽ ഇരുന്ന ഖാർഗെയെ പിന്നീട് ഒന്നാംനിരയിലേക്ക് മാറ്റിയെന്ന് ഗോയൽ പറഞ്ഞു. സീറ്റ് അനുവദിച്ചതിൽ വീഴ്ചയുണ്ടായില്ലെന്ന കാര്യം കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും പറഞ്ഞു.

ക്രമമനുസരിച്ചാണെങ്കിൽ പ്രതിപക്ഷ നേതാവിന്റെ സീറ്റ് മൂന്നാംനിരയിലാണ് വരുകയെന്നും ഖാർഗെയുടെ സീനിയോറിറ്റിയും അദ്ദേഹത്തോടുള്ള ആദരവുംമൂലം ഒന്നാംനിരയിൽതന്നെ സീറ്റ് അനുവദിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. രാംനാഥ് കോവിന്ദിന്റെ യാത്രയയപ്പിൽ ഖാർഗെക്ക് പ്രധാനമന്ത്രിയുടെ അരികിൽ സീറ്റ് കരുതിയിരുന്നെങ്കിലും അദ്ദേഹം വന്നില്ലെന്ന് ജോഷി തുടർന്നു.

വിഷയം ഉന്നയിച്ച് രാജ്യസഭാധ്യക്ഷൻ എം. വെങ്കയ്യ നായിഡുവിനയച്ച കത്ത് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. നടപടി മുതിർന്ന നേതാവായ ഖാർഗെയോടുള്ള ബഹുമാനമില്ലായ്മയാണെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Row over seating arrangements during Droupadi Murmu’s oath-taking ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.