ലഖ്നോ: ഉത്തർപ്രദേശ് കാൺപൂരിലെ ബിസിനസുകാരന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് 200 കോടിയിലധികം രൂപയും സ്വർണവും. 195 കോടി രൂപയും 23 കിലോ സ്വർണവും ആറുകോടിയുടെ ചന്ദനത്തൈലവും ഇതിൽ ഉൾപ്പെടും.
പെർഫ്യൂം വ്യവസായിയായ പീയുഷ് ജെയിനിന്‍റെ കാൺപൂരിലെയും ഉജ്ജയിനിലെയും വസതിയിലും സ്ഥാപനങ്ങളിലുമായിരുന്നു ജി.എസ്.ടി, ആദായനികുതി വകുപ്പുകളുടെ പരിശോധന.
പീയുഷ് ജെയിനിന്‍റെ താമസസ്ഥലത്തുനിന്ന് 177.45 കോടിയുടെ കള്ളപ്പണമാണ് പിടിച്ചെടുത്തത്. കനൗജിലെ ഫാക്ടറിയിൽനിന്ന് 17 കോടി രൂപയും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരുടെയും നോട്ടെണ്ണൽ മെഷീനിന്‍റെയും സഹായത്തോടെയാണ് പണം എണ്ണിത്തീർത്തത്. 23 കിലോയുടെ സ്വർണക്കട്ടകൾ പിടിച്ചെടുത്തു.
കൂടാതെ പെർഫ്യൂം നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും 600 കിലോയുടെ ചന്ദനത്തൈലവും ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. പിടിച്ചെടുത്ത ചന്ദനത്തൈലത്തിന് വിപണിയിൽ ആറുകോടി രൂപ വിലവരും.
പിടിച്ചെടുത്ത സ്വർണ ബിസ്കറ്റിൽ വിദേശത്തുനിന്നുള്ള മുദ്രകളുള്ളതിനാൽ ജി.എസ്.ടി ഇന്‍റലിജൻസ് റവന്യൂ ഇന്‍റലിജൻസ് ഡയറക്ടറേറ്റിന്റെ സഹായം തേടി.
കള്ളപ്പണം പിടിച്ചെടുത്തതിന് പിന്നാലെ പീയുഷ് ജെയിനിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇപ്പോൾ ജെയിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.