'പാർട്ടിയിൽ ചേരാൻ 20 മുതൽ 25 കോടി വരെ വാഗ്ദാനം ചെയ്തു'; ബി.ജെ.പിക്കതിരെ ഡൽഹിയിലെ എ.എ.പി നേതാക്കൾ

ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ഡൽഹി സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണെന്ന് പാർട്ടി ആരോപിച്ചു. എ.എ.പി എം.എൽ.എമാരെ പണം നൽകി പ്രലോഭിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് എ.എ.പിയുടെ അഞ്ച് മുതിർന്ന നേതാക്കളാണ് വാർത്തസമ്മേളനത്തിൽ ഇന്ന് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്.

എന്നാൽ ആരോപണങ്ങളെല്ലാം പാർട്ടി നിഷേധിക്കുകയും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ സി.ബി.ഐ അന്വേഷണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ആരോപണങ്ങളെന്ന് വാദിക്കുകയും ചെയ്തു.

ദേശീയ തലസ്ഥാനത്ത് നിന്ന് എ.എ.പിയെ താഴെ ഇറക്കാൻ ബി.ജെ.പി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് ദേശീയ വക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ് പറഞ്ഞു. ഡൽഹിയിലെ എം.എൽ.എമാരെ തകർക്കാനുള്ള ശ്രമങ്ങൾ അവർ ആരംഭിച്ചു കഴിഞ്ഞു. മനീഷ് സിസോദിയക്കെതിരെ ബി.ജെ.പി 'ഷിൻഡെ' പരീക്ഷിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയിൽ ചേർന്നാൽ 20 മുതൽ 25 കോടി വരെ നൽകാമെന്ന് എം.എൽ.എമാർക്ക് വാഗ്ദാനം ചെയ്തെന്നും അല്ലാത്തപക്ഷം സിസോദിയയെ പോലെ സി.ബി.ഐ അന്വേഷണം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും നേതാക്കൾ ആരോപിച്ചു.

'നിങ്ങൾ പല സംസ്ഥാനങ്ങളിലെയും സർക്കാരുകളെ ഭീഷണിപ്പെടുത്തി താഴെ ഇറക്കിക്കാണും. പക്ഷെ ഇത് ഡൽഹിയാണ്. ഇവിടത്തെ ജനങ്ങൾ മൂന്ന് തവണയാണ് കെജ്‌രിവാളിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്'- സഞ്ജയ് സിങ് പറഞ്ഞു. അതേസമയം സി.ബി.ഐ/ഇ.ഡി വിഷയം ചർച്ച ചെയ്യാൻ എ.എ.പിയുടെ രാഷ്ട്രീയകാര്യ സമിതി ഇന്ന് വൈകിട്ട് നാലിന് യോഗം ചേരുമെന്ന് പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.

Tags:    
News Summary - Rs 20 Crore To Join, 25 Crores To Get Others": AAP's Charge Against BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.