ന്യൂഡൽഹി: ആധാർ സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാൽ ഓപറേറ്ററെ സസ്പെൻഡ് ചെയ്യുമെന്ന് ഇലക്ട്രോണിക്സ്, ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ലോക്സഭയിൽ അറിയിച്ചു. ഓപറേറ്ററെ നിയമിച്ച രജിസ്ട്രാർക്ക് 50,000 രൂപ പിഴ ചുമത്തുകയും ചെയ്യും.
ബയോമെട്രിക്, ഡെമോഗ്രാഫിക് വിശദാംശങ്ങളുടെ അപ്ഡേറ്റ് ഉൾപ്പെടെ ആധാർ സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ബാധ്യസ്ഥരാണെന്നും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.
ആധാറുമായി ബന്ധപ്പെട്ട പരാതികൾ യു.ഐ.ഡി.എ.ഐയിൽ ഇമെയിൽ വഴിയോ ടോൾഫ്രീ നമ്പറായ 1947ലേക്ക് വിളിച്ചോ അറിയിക്കാം.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള രജിസ്ട്രാർമാരുടെയും എൻറോൾമെന്റ് ഏജൻസികളുടെയും ശൃംഖലയിലൂടെയാണ് ആധാർ നമ്പർ എൻറോൾമെന്റും വിവരങ്ങളുടെ പുതുക്കലും നടക്കുന്നത്. കർക്കശമായ സെലക്ഷൻ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് എൻറോൾമെന്റ് ഏജൻസികളുടെ തിരഞ്ഞെടുപ്പെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ന്യൂഡൽഹി: ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി മാർച്ച് 14 വരെ നീട്ടിയതായി യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഡിസംബർ 14ന് സൗജന്യ സേവനം അവസാനിക്കാനിരിക്കെ, അക്ഷയ കേന്ദ്രങ്ങളിലും ആധാർ സേവന കേന്ദ്രങ്ങളിലും വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. എൻറോൾമെന്റ് തീയതി മുതൽ 10 വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നാണ് യു.ഐ.ഡി.എ.ഐ നിർദേശം. യു.ഐ.ഡി.എ.ഐ പോർട്ടൽ വഴിയാണ് ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാൻ കഴിയുക. myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ Document Update ഓപ്ഷൻ ഇതിനായി ഉപയോഗിക്കാം. അക്ഷയ സെന്ററുകളിലും മറ്റും 50 രൂപ നിരക്ക് ഈടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.