ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിൽ വീഴ്ച പറ്റിയതിനെ തുടർന്ന് അന്താരാഷ്ട്ര തലത്തിലടക്കം വിമർശനം നേരിടുന്ന കേന്ദ്ര സർക്കാറിനെ മാധ്യമങ്ങളിലൂടെയും സോഷ്യൽ മിഡിയയിലൂടെയും പ്രതിരോധിക്കാൻ പദ്ധതികളുമായി ആർ.എസ്.എസും കേന്ദ്രവും.
സാധാരണക്കാർക്കൊപ്പം ബി.ജെ.പി എം.എൽ.എമാർ അടക്കം മോദി സർക്കാറിെൻറ വീഴ്ചക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അന്താരാഷ്ട്രമാധ്യമങ്ങൾക്കൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.
ഈ വിമർശനങ്ങളെ നേരിടാൻ മൂന്നു ഘട്ടമുള്ള പദ്ധതികളും തന്ത്രങ്ങളുമാണ് ആർ.എസ്.എസിെൻറ നേതൃത്വത്തിൽ ബി.ജെ.പിയും കേന്ദ്രസർക്കാറും ചേർന്ന് ഒരുക്കിയിരിക്കുന്നത്.
ഇതിനായി ജോയൻറ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരുൾപ്പടെയുള്ള കേന്ദ്രസർക്കാർ ജീവനക്കാർക്ക് വേണ്ടി വർക്ഷോപ്പ് കഴിഞ്ഞയാഴ്ച നടത്തിയിരുന്നു. രണ്ടാംതരംഗത്തെ പ്രതിരോധിക്കാൻ മോദി സർക്കാർ സ്വീകരിച്ച നടപടികൾ പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതായിരുന്നു വർക്ഷോപ്പിെൻറ അജണ്ട.
മൻ കി ബാത്തിനായുള്ള ട്വിറ്റർ അക്കൗണ്ടും ഇൗ പ്രചരണത്തിനുമുപയോഗിക്കാം. ഒപ്പം കേന്ദ്ര മന്ത്രിമാർ സ്വന്തം ട്വിറ്റർ അക്കൗണ്ടുകൾ വഴിയുള്ള പ്രചരണവും ശക്തമാക്കണം. ഒാക്സിജനെത്തിച്ച കാര്യവും, പുതിയ വെൻറിലേറ്ററുകളൊരുക്കിയ കാര്യവും ജനങ്ങളിലേക്ക് എത്തിക്കാൻ സോഷ്യൽ മീഡിയ വഴി ബി.ജെ.പിയും ശ്രമിക്കുന്നുണ്ട്. ഉയരുന്ന വിമർശനങ്ങളെ സോഷ്യൽ മീഡിയ വഴി നേരിടണം തുടങ്ങിയവയാണ് വർക്ഷോപ്പിനെ തുടർന്നു ഉയർന്നു വന്ന പദ്ധതികളിൽ ചിലത്.
ബി.ജെ.പി ദേശിയ അധ്യക്ഷൻ ജെ.പി നദ്ദ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉന്നയിച്ച വിമർശനങ്ങൾക്ക് നൽകിയ മറുപടി മാതൃകയാക്കണമെന്നും നിർദേശം ഉയർന്നു.
ഇതിനൊപ്പം സംഘപരിവാർ അനുകൂല മാധ്യമങ്ങൾ വഴി വിമർശനങ്ങളെ നേരിടാൻ പോസിറ്റിവിറ്റി അൺലിമിറ്റഡ് എന്ന പേരിൽ കാമ്പയിൻ രൂപത്തിലുള്ള പരിപാടികളും ആർ.എസ്.എസ് ആവിഷ്കരിച്ചിട്ടുണ്ട്. ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്, സദ്ഗുരു, അസിം പ്രേംജി, ശ്രീ ശ്രീ രവിശങ്കർ തുടങ്ങിയവരൊക്കെയാണ് പരിപാടിയിൽ സംസാരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.