ബംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞുവെച്ചപ്പോൾ പ്രഫ. നിതാഷ കൗൾ എക്സിൽ പങ്കുവെച്ച ചിത്രം 

ഹിന്ദുത്വ വിമർശക പ്രഫ. നിതാഷ കൗളിനെ ബംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് ലണ്ടനിലേക്ക് തിരിച്ചയച്ചു

ബംഗളൂരു: കർണാടക സർക്കാറിന്‍റെ ക്ഷണം സ്വീകരിച്ച് പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ വംശജയായ കവിയും യു.കെ വെസ്റ്റ്മിനിസ്റ്റർ സർവകലാശാല പ്രഫസറുമായ നിതാഷ കൗളിനെ ബംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. തുടർന്ന്, 24 മണിക്കൂറിന് ശേഷം ലണ്ടനിലേക്ക് തിരിച്ചയച്ചു. ആർ.എസ്.എസിന്‍റെയും തീവ്രഹിന്ദുത്വ സംഘടനകളുടെയും വിമർശകയാണ് പ്രഫസർ നിതാഷ കൗൾ. ഇക്കാരണത്താലാണ് ഇവരെ തടഞ്ഞുവെച്ച് തിരിച്ചയച്ചതെന്ന് വിമർശനമുയർന്നുകഴിഞ്ഞു.

ബംഗളൂരുവിൽ 'ഭരണഘടനയും ദേശീയ ഐക്യവും' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനായി സാമൂഹിക ക്ഷേമ വകുപ്പിന്‍റെ ക്ഷണം സ്വീകരിച്ചെത്തിയതായിരുന്നു പ്രഫ. നിതാഷ കൗൾ. ഫെബ്രുവരി 23നാണ് ഇവർ ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. എന്നാൽ, ഇമിഗ്രേഷൻ അധികൃതർ വിമാനത്താവളത്തിന് പുറത്തുവിടാതെ തടഞ്ഞുവെക്കുകയായിരുന്നു.

തന്നെ കർണാടക സർക്കാർ ഔദ്യോഗികമായി ക്ഷണിച്ചതിന്‍റെ രേഖകളും ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡ് ഉൾപ്പെടെയുള്ള രേഖകൾ കാണിച്ചിട്ടും പുറത്തിറങ്ങാൻ അനുവദിച്ചില്ല. 12 മണിക്കൂറെടുത്താണ് ലണ്ടനിൽ നിന്ന് ബംഗളൂരുവിലെത്തിയത്. 24 മണിക്കൂർ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. മുഴുവൻ സമയവും സിസിടിവി നിരീക്ഷണത്തിലായിരുന്നു. മതിയായ ഭക്ഷണമോ വെള്ളമോ ലഭിക്കുമായിരുന്നില്ല. ഒരു പുതപ്പിനും തലയണക്കും വേണ്ടി എത്രയോ തവണ ചോദിച്ചിട്ടും തന്നില്ല. 24 മണിക്കൂറിന് ശേഷമായിരുന്നു തിരികെ വിമാനം. 12 മണിക്കൂർ പിന്നെയും യാത്രചെയ്തു തിരികെ ലണ്ടനിലെത്താൻ -പ്രഫ. നിതാഷ കൗൾ എക്സ് പോസ്റ്റിൽ പറഞ്ഞു.

എന്തിനാണ് തടഞ്ഞുവെച്ചതെന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരവും അധികൃതർ നൽകിയില്ലെന്നും 'ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല, ഡൽഹിയിൽ നിന്നുള്ള നിർദേശമാണ്' എന്നാണ് പറഞ്ഞതെന്നും നിതാഷ കൗൾ പറഞ്ഞു. 


ആർ.എസ്.എസിനെ കുറിച്ച് താൻ നടത്തിയ വിമർശനങ്ങൾ ഉദ്യോഗസ്ഥർ സംസാരത്തിനിടെ സൂചിപ്പിച്ചു. ഹിന്ദുത്വവാദികൾ വർഷങ്ങളായി തന്നെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും വിലക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് പ്രഫ. നിതാഷ കൗൾ പറഞ്ഞു. എന്‍റെ അമ്മ താമസിക്കുന്ന വീട്ടിലേക്ക് പൊലീസിനെ അയച്ചിട്ടുണ്ട്. ഈ ഭീഷണികളെയെല്ലാം ഞാൻ നിസ്സാരമായി തള്ളിക്കളയുകയാണ് ചെയ്തത്. വിമാനത്താവളത്തിൽ ഇറങ്ങുന്നതുവരെ വിലക്കുളള കാര്യം തന്നെ അറിയിച്ചിരുന്നില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തന്‍റെ വാക്കുകളെയും പേനയെയും എന്തിനാണു ഭയക്കുന്നതെന്നും അവർ ചോദിച്ചു.

 

യു.പിയിലെ ഗൊരഖ്പൂരിൽ കശ്മീരി പണ്ഡിറ്റ് കുടുംബത്തിലാണ് നിതാഷ കൗൾ ജനിച്ചത്. 21ാം വയസുമുതൽ ഇംഗ്ലണ്ടിലായിരുന്നു പഠനവും ഗവേഷണവും. ഇന്‍റർനാഷണൽ പൊളിറ്റിക്സിലും പൊളിറ്റിക്കൽ എക്കണോമിയിലും നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. ആദ്യ നോവലായ 'റെസിഡ്യൂ' 2009ലെ മാൻ ഏഷ്യൻ ലിറ്റററി പ്രൈസ് ചുരുക്കപ്പെട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുമാറ്റിയ ശേഷം കശ്മീരികൾ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ച് യു.എസ് വിദേശകാര്യ മന്ത്രാലയം കമ്മിറ്റിയിൽ മുഖ്യ സാക്ഷിയായി സംസാരിച്ചത് ഏറെ ചർച്ചയായിരുന്നു.

Tags:    
News Summary - RSS-baiter UK professor denied entry at Bangalore airport after being made to wait 72 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.