ന്യൂഡൽഹി: മണിപ്പൂരിൽ തുടരുന്ന കലാപത്തിന് അറുതിയുണ്ടാക്കണമെന്ന് ആർ.എസ്.എസ്. അക്രമത്തെ അപലപിച്ച സംഘടന, സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ സംസ്ഥാന സർക്കാറിനോടും പൊലീസിനോടും കേന്ദ്ര ഏജൻസികളോടും അഭ്യർഥിച്ചു.
കലാപത്തിൽ നാടുവിടേണ്ടി വന്നവർക്ക് ആശ്വാസമെത്തിക്കണമെന്നും ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ജനാധിപത്യത്തിൽ വിദ്വേഷത്തിനും അക്രമത്തിനും സ്ഥാനമില്ല. നിലവിലെ പ്രതിസന്ധിക്ക് കാരണമായ വിശ്വാസക്കുറവ് മറികടക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ചകൾ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. അരാജകവും അക്രമാസക്തവുമായ സാഹചര്യം അവസാനിപ്പിക്കാനും സുരക്ഷയും ശാശ്വത സമാധാനവും ഉറപ്പാക്കാൻ സംസ്ഥാനത്തെ പൗരസമൂഹത്തോടും ആർ.എസ്.എസ് അഭ്യർഥിച്ചു.
ഇംഫാൽ: അക്രമങ്ങളെ അപലപിച്ച് മണിപ്പൂരിൽ മെയ്തേയി വിഭാഗക്കാരായ സ്ത്രീകൾ മനുഷ്യച്ചങ്ങല തീർത്തു. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബൽ, കക്ചിങ് ജില്ലകളിലാണ് ശനിയാഴ്ച രാത്രി ഏഴു മുതൽ എട്ടുവരെ വിളക്കുമായി മനുഷ്യച്ചങ്ങലയിൽ അണിനിരന്നത്. അക്രമം നേരിടുന്നതിലും സംരക്ഷണം നൽകുന്നതിലും സർക്കാറുകൾ പരാജയപ്പെട്ടിരിക്കുകയാണെന്ന് സംഘാടകരിലൊരാളായ തൗനാവോജാം കിരൺ ദേവി ആരോപിച്ചു. മ്യാന്മറിൽനിന്നുള്ള ‘അനധികൃത കുടിയേറ്റ’ത്തെയും എതിർക്കുന്നു. ദേശീയ പൗരത്വപ്പട്ടിക നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ്. ഞായറാഴ്ച നടത്തിയ പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണമായ ‘മൻ കി ബാത്തി’ലും മണിപ്പൂർ വിഷയത്തിലും മോദി ഒരു പരാമർശവും നടത്തിയില്ല. ഇതിനു പിന്നാലെയാണ് പരിഹാസവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തുവന്നത്.
ഒരു മൻകി ബാത്ത് കൂടി കഴിഞ്ഞു, പക്ഷേ മണിപ്പൂരിൽ പ്രധാനമന്ത്രി മൗനിയാണെന്ന് ജയ്റാം രമേശ് പരിഹസിച്ചു. ദുരന്തനിവാരണത്തിൽ ഇന്ത്യയുടെ മഹത്തായ കഴിവുകളെ കുറിച്ച് പ്രധാനമന്ത്രി സ്വയം മുതുകിൽ തട്ടി അഭിനന്ദിച്ചു. എന്നാൽ, സ്വയം വരുത്തിവെച്ച മണിപ്പൂർ ദുരന്തത്തെ കുറിച്ച് മിണ്ടാട്ടമില്ല. സമാധാനത്തിനുള്ള അഭ്യർഥന അദ്ദേഹത്തിൽ നിന്ന് ഇല്ല. ഓഡിറ്റ് ചെയ്യാത്ത പി.എം-കെയേഴ്സ് ഫണ്ട് ഉണ്ടെങ്കിലും മണിപ്പൂരിനെ പ്രധാനമന്ത്രി ശ്രദ്ധിക്കുന്നുണ്ടോ എന്നതാണ് യഥാർഥ ചോദ്യമെന്നും ജയ്റാം രമേശ് പറഞ്ഞു.പ്രകൃതിക്ഷോഭങ്ങളിൽ ആർക്കും നിയന്ത്രണമില്ലെന്നും എന്നാൽ, വർഷങ്ങളായി ഇന്ത്യ വികസിപ്പിച്ചെടുത്ത ദുരന്തനിവാരണത്തിന്റെ കരുത്ത് ഇന്ന് ഉദാഹരണമായി മാറുകയാണെന്നും പ്രധാനമന്ത്രി മോദി മൻകി ബാത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.