ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തി ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. യോഗിയുടെ തട്ടകമായ ഗൊരഖ്പൂരിലായിരുന്നു കൂടിക്കാഴ്ച. ശനിയാഴ്ച ഇരുവരും തമ്മിൽ രണ്ട് തവണ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്.
ആർ.എസ്.എസിന്റെ പരിപാടി നടക്കുന്ന ക്യാമ്പിയർഗഞ്ചിലെ സ്കൂളിലായിരുന്നു ആദ്യ കൂടിക്കാഴ്ച. ഏകദേശം 30 മിനിറ്റോളം ഇത് നീണ്ടുനിന്നു. പിന്നീട് സരസ്വതി ശിഷു മന്ദിറിൽവെച്ചും കൂടിക്കാഴ്ച നടത്തി. രാത്രി എട്ടരയോടെയായിരുന്നു കൂടിക്കാഴ്ച. ഇതും 30 മിനിറ്റോളം നീണ്ടുനിന്നു.
സാധാരണ നടത്തുന്ന സന്ദർശനമല്ല മോഹൻ ഭാഗവത് നടത്തിയതെന്നാണ് സൂചന. തെരഞ്ഞെടുപ്പ് തിരിച്ചടി ചർച്ച ചെയ്യാനാണ് മോഹൻ ഭാഗവത് എത്തിയതെന്നാണ് ആർ.എസ്.എസുമായി അടുത്ത പ്രവർത്തിക്കുന്ന ബി.ജെ.പി നേതാക്കൾ സൂചന. ഉത്തർപ്രദേശിൽ ഈ വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വലിയ തിരിച്ചടിയേറ്റിരുന്നു.
ഭൂരിപക്ഷം സീറ്റുകളിലും സമാജ്‍വാദി പാർട്ടിയാണ് യു.പിയിൽ വിജയിച്ചത്. ഉത്തർപ്രദേശിൽ സമാജ്‍വാദി പാർട്ടി 37 സീറ്റിലാണ് വിജയിച്ചത്. ബി.ജെ.പിക്ക് 33 സീറ്റിൽ ജയിക്കാനാണ് സാധിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആറ് സീറ്റിലും രാഷ്ട്രീയ ലോക്ദൾ രണ്ട് സീറ്റിലും ആസാദ് സമാജ് പാർട്ടി ഒരു സീറ്റിലും അപ്നാദൾ ഒരു സീറ്റിലും ജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.