ഡൽഹി: മതപരിവർത്തനം അക്രമെമന്ന വാദവുമായി ആർ.എസ്.എസ്. മതപരിവർത്തനത്തിനെതിരെ നിയമം നിർമിക്കണമെന്നും ആവശ്യം. ഇതിനായി വി.എച്ച്.പിയുടെ നേതൃത്വത്തിൽ വീട്വീടാന്തരമുള്ള പ്രചരണ കാമ്പയിനും സംഘടിപ്പിക്കും. രാജ്യത്തെ ഗോത്രവർഗ ആധിപത്യമുള്ള സംസ്ഥാനങ്ങളിൽ മതപരിവർത്തനം തടയുന്നതിന് വ്യാപക പ്രചരണ പരിപാടികൾ ആരംഭിക്കാനാണ് തീരുമാനം.
വി.എച്ച്.പി പ്രവർത്തകർ ഗോത്രമേഖലകളിൽ വീടുകൾ സന്ദർശിച്ച് ഹിന്ദു മതത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. 'മതപരിവർത്തനം തടയാനുള്ള വി.എച്ച്.പിയുടെ പ്രചാരണം രാമക്ഷേത്രത്തിനായുള്ള ധനസമാഹരണ പരിപാടി പൂർത്തിയാക്കിയ ഉടൻ ആരംഭിക്കും. വിഎച്ച്പിയുടെ സെൻട്രൽ ഗൈഡൻസ് ബോർഡ് യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം എടുക്കും'-വിഎച്ച്പി വക്താവ് വിനോദ് ബൻസൽ പറഞ്ഞു.'മതപരിവർത്തനം ഒരു തരത്തിലുള്ള അക്രമമാണ്. ഇത് അക്രമാസക്തമാണ്. കാരണം ഇത് ജനങ്ങളെ അവരുടെ യഥാർഥ സംസ്കാരം, പാരമ്പര്യങ്ങൾ, വേരുകൾ എന്നിവയിൽ നിന്ന് അകറ്റുന്നു'-വിഎച്ച്പി കേന്ദ്ര ജനറൽ സെക്രട്ടറി മിലിന്ദ് പരാൻഡെ പറഞ്ഞു.
മതപരിവർത്തനം തടയുന്നതിന് നിയമനിർമാണം നടത്തേണ്ടത് അടിയന്തിര ആവശ്യമാണെന്നും പരാൻഡെ പറഞ്ഞു. 'പുതിയ നിയമം രൂപീകരിക്കുന്നതിലൂടെ ഇത്തരം അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യെപ്പട്ട് ഞങ്ങൾ പല സംസ്ഥാന സർക്കാരുകളുമായും ചർച്ച നടത്തുന്നുണ്ട്'-അദ്ദേഹം പറഞ്ഞു.'മതപരിവർത്തനം ചെയ്ത ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും പട്ടികജാതി, പട്ടികവർഗ്ഗ സമുദായങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള ആനുകൂല്യങ്ങൾ ലഭിക്കരുതെന്ന ആവശ്യവും ഞങ്ങൾ കേന്ദ്രസർക്കാരിെൻറ മുമ്പാകെ അവതരിപ്പിക്കും. ഇത് പട്ടികജാതി, പട്ടികവർഗ്ഗ സമുദായത്തിന് മാത്രമായുള്ള അവകാശങ്ങളുടെ ലംഘനത്തിന് തുല്യമാണ്'-വിനോദ് ബൻസൽ പറഞ്ഞു.
ഗോത്രവർഗ ആധിപത്യമുള്ള പ്രദേശങ്ങളായ ജാർഖണ്ഡ്, ബീഹാർ, മധ്യപ്രദേശ്, ഛത്തീഗഡ്, ഒഡീഷ, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് മതപരിവർത്തന കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതായാണ് സംഘപരിവാറിെൻറ കണ്ടെത്തൽ. ഈ വിഷയത്തിൽ പരിവാർ സംഘടനകൾ കൂടുതൽ സജീവമാകണമെന്ന് സംഘ് ആഗ്രഹിക്കുന്നുവെന്ന് ഒരു മുതിർന്ന ആർ.എസ്.എസ് പ്രവർത്തകൻ പറഞ്ഞു.
രാമക്ഷേത്രത്തിെൻറ നിർമാണം ആരംഭിച്ചശേഷം നിലവിൽ വി.എച്ച്.പി സജീവമല്ല. അതുകൊണ്ടാണ് ആദിവാസികൾക്കിടയിൽ അതിവേഗം വളരുന്ന മതപരിവർത്തനത്തിെൻറ ഭീഷണി തടയുന്നതിന് വി.എച്ച്.പി കൂടുതൽ സജീവമാകണമെന്ന് ആർ.എസ്.എസ് നേതൃത്വം ആഗ്രഹിക്കുന്നത്. പ്രചരണ കാമ്പയിനിൽ ആർ.എസ്.എസും വിഎച്ച്പിക്കൊപ്പം തുല്യ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.