മധ്യപ്രദേശിലെ സാമുദായിക സംഘര്‍ഷം; ആര്‍.എസ്.എസുകാര്‍ ഉള്‍പ്പെട്ടതിനാല്‍  കേസെടുക്കാനായില്ളെന്ന് പൊലീസ് റിപ്പോര്‍ട്ട്

ഝാബുവ (മധ്യപ്രദേശ്): മധ്യപ്രദേശില്‍ കഴിഞ്ഞ ഒക്ടോബര്‍ 12നുണ്ടായ സാമുദായിക സംഘര്‍ഷം, വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ട് സമാഹരിക്കാനുള്ള ആര്‍.എസ്.എസ് നീക്കത്തിന്‍െറ ഭാഗമായിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആര്‍.എസ്.എസ് ജില്ല സഹ കാര്യവാഹക് ആകാശ് ചൗഹാന്‍, അദ്ദേഹത്തിന്‍െറ പിതാവ് മുകുത് എന്നിവരെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. മാത്രമല്ല, ഇവരുടെ ആര്‍.എസ്.എസ് ബന്ധംമൂലം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിന് കഴിഞ്ഞില്ളെന്നും റിപ്പോര്‍ട്ടിലുണ്ട്. ‘‘ഇത്തരം സംഭവങ്ങളില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യേണ്ടതാണ്. എന്നാല്‍, പ്രതികള്‍ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെങ്കില്‍ ഇതിന് കഴിയാറില്ല’’ -രഹസ്യ റിപ്പോര്‍ട്ട് പറയുന്നു.

ഒക്ടോബര്‍ 12ന് രാത്രി പെത്ലാവാദ് ഗ്രാമത്തില്‍ മുഹര്‍റത്തോടനുബന്ധിച്ചു നടന്ന പ്രകടനം ഒരുസംഘം തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരടക്കം 12 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. സാമുദായിക സംഘര്‍ഷത്തിലൂടെ തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള ശ്രമം പൊലീസ് തകര്‍ത്തതായി പെത്ലാവാദ് പൊലീസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 28കാരനായ ആകാശ് ചൗഹാനു കീഴില്‍ 100- 150 പേരടങ്ങിയ ഗ്യാങ്ങുണ്ട്. ഇവര്‍ ബൈക്കുകളില്‍ സഞ്ചരിച്ച് കന്നുകാലികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയാണ്. 

ഗോരക്ഷകരുടെ വേഷം കെട്ടി അക്രമം നടത്തുന്നവര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നത്. 2015 ഡിസംബര്‍ 24ന് നടന്ന നബിദിനഘോഷയാത്രക്കിടെയും ചൗഹാന്‍െറ നേതൃത്വത്തില്‍ സംഘര്‍ഷത്തിന് ശ്രമമുണ്ടായിരുന്നു.ആര്‍.എസ്.എസ് പ്രവര്‍ത്തകനായതിനാല്‍ ഗോരക്ഷക്ക് നടപടിയെടുക്കേണ്ടിവരുമെന്നും അതുകൊണ്ട് ആകാശിനെതിരെ കേസെടുക്കാനാകില്ല എന്നുമാണ് ആര്‍.എസ്.എസ് പറയുന്നത്.സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍ രാകേഷ് വ്യാസ് ഒപ്പിട്ട റിപ്പോര്‍ട്ട് ഝാബുവ എസ്.പി. സഞ്ജയ് തിവാരിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.
 

Tags:    
News Summary - rss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.