ന്യൂഡൽഹി: അയൽ രാജ്യങ്ങളിൽ നിന്ന് വെല്ലുവിളി നേരിടാത്ത ഒരു രാജ്യവും ലോകത്ത് ഉണ്ടാകില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. അയൽക്കാർ എല്ലായ്പ്പോഴും ആശയക്കുഴപ്പത്തിലായിരിക്കുമെന്നും ജയ്ശങ്കർ പറഞ്ഞു. ഡൽഹിയിൽ നടന്ന പരിപാടിയിൽ ബംഗ്ലാദേശ്, പാകിസ്‍താൻ, മാലദ്വീപ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ കുറിച്ചും മാറിമറിയുന്ന രാഷ്ട്രീയ സമവാക്യങ്ങളെ കുറിച്ചും സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.
ലോകത്ത് എല്ലായിടത്തും അയൽരാജ്യങ്ങൾ മറ്റുള്ള രാജ്യങ്ങൾക്ക് കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. അവർ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടാറുമില്ല. ഈ പ്രശ്നങ്ങൾക്കിടയിലും അവർ തമ്മിലുള്ള ബന്ധവും മുന്നോട്ടുപോകുന്നു. അയൽരാജ്യങ്ങളിൽ നിന്ന് പ്രശ്നങ്ങളൊന്നും നേരിടാത്ത ഏതെങ്കിലുമൊരു രാജ്യത്തെ കുറിച്ച് പറയാൻ സാധിക്കുമോയെന്നും ജയ്ശങ്കർ ചോദിച്ചു.
പാകിസ്‍താനുമായുള്ള സ്വതന്ത്രസംഭാഷണത്തിന്റെ കാലം അവസാനിച്ചു. പ്രവൃത്തികൾക്ക് പ്രത്യാഘാതങ്ങളുണ്ടാകും. അത്കൊണ്ടാണ് ജമ്മുകശ്മീർ വിഷയത്തിൽ ആശങ്കയുണ്ടാകുന്നത്.
പാകിസ്താനുമായി എന്ത് തരത്തിലുള്ള ബന്ധമാണ് നമുക്ക് ആലോചിക്കാൻ കഴിയുക എന്നതാണ് വിഷയം. നമ്മൾ നിഷ്ക്രിയരല്ല. സംഭവങ്ങൾ പോസിറ്റീവ് ആയാലും നെഗറ്റീവായാലും നമ്മൾ പ്രതികരിക്കും.-ജയ്ശങ്കർ പറഞ്ഞു.
മാലദ്വീപുമായുള്ള ബന്ധത്തിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. ഒരു സ്ഥിരതയില്ല അക്കാര്യത്തിൽ. ഞങ്ങൾ വളരെ ആഴത്തിൽ നിക്ഷേപിച്ചിട്ടുള്ള ഒരു ബന്ധമാണതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
അതുപോലെ ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധി അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ജയ്ശങ്കർ പറഞ്ഞു. അന്നത്തെ സർക്കാരുമായി നമ്മൾ ഇടപെടുന്നത് സ്വാഭാവികമാണ്. രാഷ്ട്രീയമായ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും അവ വിഘടിപ്പിക്കുന്നതാണെന്നും നാം തിരിച്ചറിയണം. വ്യക്തമായും, ഇവിടെ നമ്മൾ പരസ്പര താൽപ്പര്യത്തിനായി നോക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്താനുമായുള്ള നയത്തെ അവലോകനം ചെയ്യുമ്പോൾ നമ്മുടെ താൽപര്യം എന്താണെന്ന് കൃത്യമായി മനസിലാക്കുന്നുണ്ട്. അതിൽ ഒരു തരത്തിലുള്ള ആശയക്കുഴപ്പവുമില്ല. അമേരിക്കയുടെ സാന്നിധ്യമുള്ള അഫ്ഗാൻ, ഇപ്പോഴത്തെ അഫ്ഗാനിസ്‍താനിൽ നിന്ന് വളരെ വ്യത്യസ്തമാണെന്നും നാം തിരിചചറിയണമെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.