ന്യൂഡൽഹി: എട്ടു ദിവസത്തെ തുടർച്ചയായ വാദം കേൾക്കലിനൊടുവിൽ ശബരിമലയിൽ സ്ത്രീകൾക്കുള്ള വിലക്ക് എടുത്തുകളയണമെന്ന് ആവശ്യപ്പെടുന്ന ഹരജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധി പറയാനായി മാറ്റിവെച്ചു. ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന വിധി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ രോഹിങ്ടൺ നരിമാൻ, എം.എം. ഖൻവിൽകർ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ച് പുറപ്പെടുവിക്കും.
ഭരണഘടനയുടെ 15ാം അനുഛേദം ആരാധനാസ്ഥലങ്ങളിലേക്കുള്ള സ്വാതന്ത്ര്യം പരാമർശിക്കാത്തതിനാൽ ശബരിമലയിൽ സ്ത്രീകൾക്കുള്ള വിലക്ക് അതിനെതിരാണെന്ന് എങ്ങനെ പറയാനാകുമെന്ന് സുപ്രീംകോടതി അവസാന ദിവസം ആരാഞ്ഞു. കേസിൽ ഭരണഘടനയുടെ 13ഉം 14ഉം അനുഛേദങ്ങളുടെ പ്രസക്തിയും സുപ്രീംകോടതി ചോദിച്ചു. സ്ത്രീപ്രവേശനത്തിനായി ഇതുവരെ നടത്തിയിരുന്ന കർക്കശമായ നിരീക്ഷണങ്ങളിൽനിന്ന് ഭിന്നമായി അൽപം മയത്തിലാണ് ബുധനാഴ്ച സുപ്രീംകോടതി വിഷയത്തെ സമീപിച്ചത്.
ശബരിമലയിൽ സ്ത്രീകൾക്കുള്ള വിലക്ക്, വിശ്വാസവുമായി മാത്രം ബന്ധപ്പെട്ട വിഷയമാണെന്നും ക്ഷേത്രത്തിലെ മതേതര വിഷയങ്ങളിൽ ഭരണകൂടത്തിന് ഇടപെടാമെങ്കിലും മതവിഷയത്തിൽ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി അമിക്കസ് ക്യൂറിമാരിെലാരാളായ കെ.ആർ. രാമമൂർത്തി ബോധിപ്പിച്ചു. ശബരിമല വിഷയത്തിൽ രാഷ്ട്രീയ സ്വാധീനം മൂലമാണ് കേരള സർക്കാർ നിലപാട് മാറ്റിയതെന്ന് മൂർത്തി കുറ്റപ്പെടുത്തി. കേരള സർക്കാർ തന്നെയാണ് കേരള ഹിന്ദു ആരാധനാലയ പ്രവേശന ചട്ടം ഉണ്ടാക്കിയതെന്നും രാമമൂർത്തി വാദിച്ചു.
ദേശീയഗാനം ആലപിക്കാത്തതിന് യഹോവാസാക്ഷികളായ കേരളത്തിലെ മൂന്നു കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കിയതിനെതിരെ സമർപ്പിച്ച ഹരജിയിൽ 1986ൽ സുപ്രീംേകാടതി പുറപ്പെടുവിച്ച വിധി അമിക്കസ് ക്യൂറി ശബരിമലയിൽ സ്ത്രീ വിലക്കിനെ ബലെപ്പടുത്തുന്ന വിധിയായി ഉദ്ധരിച്ചു. ദേശീയഗാനം തങ്ങളുടെ മതവിശ്വാസത്തിന് വിരുദ്ധമായതിനാൽ ആലപിക്കാത്ത കുട്ടികളുടെ നടപടി സുപ്രീംകോടതി ശരിവെച്ചിരുന്നു.
ശബരിമലയിലെ സമ്പ്രദായവും ഭരണഘടനാപരമായിരിക്കണമെന്ന് ഇന്ദിരാ ജയ്സിങ് വാദിച്ചു. അടിസ്ഥാന മതാചാരങ്ങൾ എന്താണെന്ന് തീരുമാനിക്കാനുള്ള അധികാരം സുപ്രീംകോടതിക്കുണ്ടെന്നും അവർ ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.