ചോദ്യപേപ്പർ ചോർച്ച ഏറ്റവും ഹീനമായ കുറ്റകൃത്യമെന്ന് സച്ചിൻ പൈലറ്റ്

ജയ്പൂർ: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവും മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്.

ചോദ്യപേപ്പർ ചോർച്ച ഏറ്റവും ഹീനമായ കുറ്റകൃത്യമാണെന്നും ഇതിനെതിരെ കണ്ണടയ്ക്കുന്നവരാണ് അധികാരത്തിലിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനേക്കാൾ ഹീനമായ മറ്റൊരു കുറ്റകൃത്യമില്ല. ബിർള ഓഡിറ്റോറിയത്തിൽ നടന്ന നാഷനൽ സ്റ്റുഡന്റ്സ് യൂനിയൻ ഓഫ് ഇന്ത്യയുടെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷക്ക് തയ്യാറെടുക്കുന്നതും ജോലി നേടുന്നതും ഈ രാജ്യത്ത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്.

കുട്ടി മാത്രമല്ല, അവന്റെ മുഴുവൻ കുടുംബവും ഈ പ്രക്രിയയിൽ ഉൾപ്പെടുന്നു. നീറ്റിലെ കൃത്രിമത്വത്തിന് സർക്കാറിന് ഉത്തരം മുട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തും സംസ്ഥാനത്തും ചോദ്യ പേപ്പറുകൾ ചോർത്തരുത്. ഞാൻ എന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. ഇന്നലെയും ഇന്നും ഇനി ഭാവിയിലും ഞാൻ അതിൽ ഉറച്ചുനിൽക്കുമെന്നും പൈലറ്റ് പറഞ്ഞു. ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയുമായി അറിഞ്ഞോ അറിയാതെയോ കളിച്ചവർ ശിക്ഷ അർഹിക്കുന്നു.

ഓരോ തെറ്റിനും ശിക്ഷ ആവശ്യമാണെന്ന് ഞാൻ കരുതുന്നു. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടുകയും വേണം. യുവാക്കളുടെ ഭാവിയിൽ കളിക്കാൻ ആർക്കും അവകാശമില്ല. നിങ്ങൾ എത്ര വലിയ നേതാവായാലും ഉദ്യോഗസ്ഥനായാലും കാര്യമില്ല. ചില സ്ഥലങ്ങളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സർക്കാർ തന്നെ അംഗീകരിക്കുന്നു.

എന്തുകൊണ്ടാണ് പരീക്ഷാ പേപ്പറുകൾ ചോർന്നതെന്ന് നാമെല്ലാവരും ചോദിക്കേണ്ട സമയമാണിത്. കടലാസുപണികൾ നടത്തിയും പ്രസംഗങ്ങൾ നടത്തിയും മുതലക്കണ്ണീർ ഒഴുക്കിയും ഒന്നും നേടാനില്ല. അത്തരക്കാരെ പിടിക്കേണ്ടിവരുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. 

Tags:    
News Summary - Sachin Pilot says that question paper leak is the most heinous crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.