കടകളുടെ പേര് പ്രദർശിപ്പിക്കുന്നത് സമാധാനപരമായ യാത്രക്കെന്ന് യു.പി സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കാവടി യാത്ര കടന്നു പോകുന്ന വഴികളിലെ കടകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കുന്നത് സമാധാനപരമായ യാത്ര ഉറപ്പാക്കാനെന്ന് യു.പി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

കഴിഞ്ഞ 19നാണ് വിവാദ ഉത്തരവ് ഉത്തർ പ്രദേശ് സർക്കാർ പുറപ്പെടുവിച്ചത്. കാവടി യാത്ര കടന്നുപോകുന്ന പാതയിലെ റസ്റ്റാറന്‍റുകൾ, ഹോട്ടലുകൾ, പഴക്കടകൾ തുടങ്ങിയവയുടെ ഉടമകളുടെ പേരുകൾ കടക്കുമുന്നിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ആദ്യഘട്ടത്തിൽ മുസഫർനഗർ പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പിന്നാലെ യു.പി സർക്കാർ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു.

കാവടി തീർഥാടകരുടെ വികാരം വ്രണപ്പെടാതിരിക്കാനും ആശയക്കുഴപ്പം ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് നിർദ്ദേശമെന്നും വിശദീകരിക്കുന്നു. ജാതി, മതം, സമുദായം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നില്ല. കടകളുടേയും ഭക്ഷണശാലകളുടേയും പേരുകൾ സംബന്ധിച്ച ആശയക്കുഴപ്പം സംബന്ധിച്ച് കാവടി തീർഥാടകരിൽ നിന്ന് ലഭിച്ച പരാതികൾ പരിഗണിച്ചാണ് നിർദേശം നൽകിയതെന്നും സംസ്ഥാന സർക്കാർ വിശദീകരിച്ചു.

കടയുടമകൾക്ക് സാധാരണപോലെ അവരുടെ ബിസിനസ്സ് നടത്താൻ സ്വാതന്ത്ര്യമുണ്ടെന്നും സംസ്ഥാന സർക്കാർ കൂട്ടിച്ചേർത്തു. ഉടമകളുടെ പേരും ഐഡന്റിറ്റിയും പ്രദർശിപ്പിക്കേണ്ടതിന്റെ ആവശ്യകത അവരുടെ മതം പരിഗണിക്കാതെ കൻവാർ യാത്രാ റൂട്ടിലുള്ള എല്ലാ ഭക്ഷ്യ വിൽപനക്കാർക്കും ഒരേപോലെ ബാധകമാണെന്നും യു.പി സർക്കാർ കോടതിയെ അറിയിച്ചു.

വിവാദ ഉത്തരവിനെതിരെ കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളിൽനിന്ന് ഉയർന്നത്.

Tags:    
News Summary - UP Govt in Supreme Court that displaying name of shops is for peaceful travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.