അമൃത്പാൽ സിങ്ങിനെ പിന്തുണച്ച് ഛന്നിയുടെ പ്രസ്താവന: ബി.ജെ.പി വിഷയം പാർലമെന്‍റിൽ ഉന്നയിക്കും

ന്യൂ​ഡ​ൽ​ഹി: ജയിൽവാസം അനുഭവിക്കുന്ന സിഖ് വിഘടനവാദി നേതാവും എം.പിയുമായ അമൃത്പാൽ സിങ്ങിനെ പിന്തുണച്ചുള്ള കോൺഗ്രസ് എം.പി ചരൺജിത് സിങ് ഛന്നിയുടെ പ്രസ്താവനയിൽ ബി.ജെ.പി പ്രതിഷേധിക്കും. ബി.ജെ.പി അംഗങ്ങൾ വിഷയം പാർലമെന്‍റിൽ ഉന്നയിക്കാൻ തീരുമാനിച്ചു.

ഇന്നലെ കേന്ദ്ര ബജറ്റിന്മേലുള്ള ചർച്ചയിലാണ് അമൃത്പാൽ സിങ്ങിനെ പിന്തുണച്ചുള്ള പ്രസ്താവന ഛന്നി നടത്തിയത്. അമൃത്പാൽ ഇപ്പോഴും ജയിലിൽ കിടക്കുകയാണെന്ന് ഛന്നി ചൂണ്ടിക്കാട്ടി. ഇത് അടിയന്തരാവസ്ഥക്ക് തുല്യമാണെന്ന സൂചനയും ഛന്നിയുടെ വാക്കുകളിൽ ഉണ്ടായിരുന്നു. നേതാക്കൾക്കെതിരെ എൻ.എസ്.എ ചുമത്തി കേസെടുക്കുന്നത് ശരിയല്ലെന്നും ഛന്നി ചൂണ്ടിക്കാട്ടി.

എന്നാൽ, തീവ്രവാദ പ്രവർത്തനം നടത്തുന്നവർക്കെതിരെയാണ് എൻ.എസ്.എ ചുമത്തുന്നതെന്നും ഈ വിഷയത്തിൽ കോൺഗ്രസിന് എന്താണ് എതിർപ്പുള്ളതെന്നും ബി.ജെ.പി അംഗങ്ങൾ ചോദ്യം ഉയർത്തി. ഈ വിഷയത്തിൽ കേ​ന്ദ്ര​മ​ന്ത്രി​ ര​വ്നീ​ത് സി​ങ് ബി​ട്ടു ഉയർത്തിയ എതിർപ്പ് ലോക്സഭയിൽ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു.

നടുത്തളത്തിൽ ഇറങ്ങിയ കോൺഗ്രസ് അംഗങ്ങൾ ബി.ജെ.പി അംഗങ്ങളുമായി വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തു. അതേസമയം, അമൃത്പാൽ സിങ്ങിനെ കുറിച്ചുള്ള ഛന്നിയുടെ പ്രസ്താവനയെ പിന്തുണക്കുന്നില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ സുരക്ഷാ നിയമപ്രകാരം ഏപ്രിലിൽ അറസ്റ്റിലായ 31കാരനായ അമൃതപാൽ ജയിലിൽ കിടന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. പഞ്ചാബിലെ ഖഡൂർ സാബിഹ് മണ്ഡലത്തിൽ നിന്ന് നാല് ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ അമൃതപാൽ വിജയിച്ചു.

അസ്സമിലെ ദിബ്രുഗഢിലുള്ള ജയിലിലാണ് ഇയാളെ പാർപ്പിച്ചിട്ടുള്ളത്. ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ നാലു ദിവസത്തെ പരോളാണ് അമൃത്പാലിന് കോടതി അനുവദിച്ചത്.

Tags:    
News Summary - Channi's statement in support of Amritpal Singh: BJP will raise the issue in Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.