ദൗസ (രാജസ്ഥാൻ): ആളിക്കത്തുന്ന കർഷക സമരത്തിന് ഊർജം പകരാൻ കോൺഗ്രസിന്‍റെ യുവനേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സചിൻ പൈലറ്റ് കളത്തിലിറങ്ങുന്നു. പഞ്ചാബിലും ഹരിയാനയിലും മാത്രം ഒതുങ്ങിനിൽക്കുന്ന സമരമെന്ന എതിരാളികളുടെ ആക്ഷേപങ്ങളുടെ മുനയൊടിക്കുന്നതിനൊപ്പം കേന്ദ്ര സർക്കാറിന്‍റെ പുതിയ കാർഷിക നിയമങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതിനുമായാണ് സചിൻ രാജസ്ഥാനിലെ കർഷകരിലേക്കിറങ്ങുന്നത്.
ഇതിനായി സംസ്ഥാനത്തുടനീളം കർഷക സമ്മേളനങ്ങൾ വിളിച്ചുകൂട്ടാനൊരുങ്ങുകയാണ് അദ്ദേഹം. ഇതിന്‍റെ ആദ്യപടിയായി ദൗസയിൽ നടത്തിയ കിസാൻ മഹാപഞ്ചായത്തിൽ ആയിരക്കണക്കിന് കർഷകരാണ് ഒത്തുകൂടിയത്. കർഷകർക്ക് ഇരട്ടി വരുമാനം നൽകാമെന്ന് പറയുന്ന കേന്ദ്രസർക്കാറിന്‍റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി സചിൻ സമ്മേളനത്തെ അഭിസംബോധന ചെയ്തു. 'ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തെ കോൺഗ്രസ് പിന്തുണക്കുന്നു. ഏതു സാഹചര്യങ്ങളിലും ഞങ്ങൾ കർഷകർക്കൊപ്പം നിൽക്കും. കർഷകരെ ഭീകരരെന്ന് ബി.ജെ.പി മുദ്ര കുത്തുന്നത് ഗൂഢാലോചനയുടെ ഭാഗമായാണ്. മൂന്നു നിയമങ്ങളും പിൻവലിക്കുന്നതുവരെ സമരം മുന്നോട്ടുപോകുമെന്നും സചിൻ പറഞ്ഞു.
അടുത്ത മഹാപഞ്ചായത്ത് ഈമാസം ഒമ്പതിന് ഭരത്പൂർ ജില്ലയിലെ ബയാന ടൗണിൽ നടത്തും. 17ന് ജയ്പൂർ ജില്ലയിലെ കോട്ക്വാഡ ടൗണിലും സമ്മേളനം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.