സൽമാൻ ഖാന് വീണ്ടും വധഭീഷണി; ആവശ്യപ്പെട്ടത് രണ്ടു കോടി

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. മുംബൈ പൊലീസിന്‍റെ ട്രാഫിക് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.

രണ്ടു കോടി രൂപ നൽകിയില്ലെങ്കിൽ സൽമാനെ വധിക്കുമെന്നാണ് വാട്സ് ആപ്പ് സന്ദേശം. സംഭവത്തിൽ വർലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം സൽമാനും കൊല്ലപ്പെട്ട എൻ.സി.പി നേതാവ് ബാബ സിദ്ദീഖിയുടെ മകനുമായ സീഷാനുംനേരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ 20കാരന്‍ ഗഫ്‌റാന്‍ ഖാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വെള്ളിയാഴ്ച വൈകീട്ടാണ് സീഷാന്‍ സിദ്ദീഖിയുടെ ഓഫിസിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. പണം നല്‍കണമെന്നും ഇല്ലെങ്കില്‍ സല്‍മാന്‍ ഖാനെയും സീഷനെയും കൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി സന്ദേശം. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് പ്രതിയെ കണ്ടെത്തിയത്. സൽമാന്‍റെ വീടിന് പൊലീസ് സുരക്ഷ വർധിപ്പിപ്പിച്ചിട്ടുണ്ട്. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ട് സൽമാന് നേരത്തെയും വധഭീഷണി ലഭിച്ചിരുന്നു.

ലോറന്‍സ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാൻ അഞ്ചു കോടി രൂപയാണ് അന്ന് ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ വെടിയേറ്റ് കൊല്ലപ്പെട്ട മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ ബാബ സിദ്ദീഖിയുടേതിനേക്കാള്‍ മോശമാകും സല്‍മാന്‍ ഖാന്റെ അവസ്ഥയെന്നും സന്ദേശത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ജംഷഡ്പൂരിൽനിന്നുള്ള പച്ചക്കറി വിൽപനക്കാരനായ ഷെയ്ഖ് ഹുസൈൻ എന്ന 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൊല്ലപ്പെട്ട ബാബ സിദ്ദീഖി സല്‍മാന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. സല്‍മാന്റെ സഹോദരങ്ങളായ അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍ എന്നിവരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇതാണ് അദ്ദേഹത്തിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ പ്രധാന നോട്ടപ്പുള്ളിയാണ് സല്‍മാന്‍ ഖാന്‍.

മുംബൈ ബാന്ദ്രയിൽ താരത്തിന്‍റെ ഗാലക്സി അപാര്‍ട്‍മെന്റിനാണ് സുരക്ഷ വർധിപ്പിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം നടൻ സല്‍മാൻ ഖാൻ കഴിയുന്നതും അവിടെയാണ്. സല്‍മാൻ ഖാനെ കൊലപ്പെടുത്താൻ നേരത്തെ ശ്രമമുണ്ടായിരുന്നു. നേരത്തെ, സല്‍മാൻ ഖാന്റ വീടിനു നേരെ വെടിവെപ്പുണ്ടായിട്ടുണ്ട്.

Tags:    
News Summary - Salman Khan Receives Death Threat Once Again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.