കോൺഗ്രസുമായുള്ള സമാജ്‌വാദി പാർട്ടിയുടെ സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്

ലക്നോ: കോൺഗ്രസുമായുള്ള ത​ന്‍റെ പാർട്ടിയുടെ സഖ്യം തുടരുമെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ഈ വർഷം അവസാനം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലെ 10 നിയമസഭാ സീറ്റുകളിൽ ആറിലേക്കും പാർട്ടി സ്വന്തം സ്ഥാനാർഥികൾക്ക് ടിക്കറ്റ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അഖിലേഷി​ന്‍റെ പ്രസ്താവന. പിതാവും സമാജ്‌വാദി പാർട്ടി സ്ഥാപകനുമായ മുലായം സിങ് യാദവി​ന്‍റെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപിക്കാൻ ഇറ്റാവയിൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തൃപ്‌തികരമല്ലാത്ത പ്രകടനത്തെത്തുടർന്ന് സഖ്യകക്ഷിയായ കോൺഗ്രസിനെ ഒഴിവാക്കി എസ്.പി ബുധനാഴ്ച ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

പാർട്ടി ടിക്കറ്റ് വിതരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘ഇന്ത്യ ബ്ലോക്ക് ഉണ്ടാകുമെന്ന് മാത്രമാണ് പറയാനുള്ളത്. എസ്.പിയും കോൺഗ്രസും തമ്മിലുള്ള സഖ്യം അതേപടി നിലനിൽക്കും’ എന്നായിരുന്നു അഖിലേഷി​ന്‍റെ മറുപടി. ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തോടുള്ള പ്രതികരണം ആരാഞ്ഞപ്പോൾ ‘ഇത് ഞങ്ങൾ വീണ്ടും കാണുമ്പോൾ ചർച്ച ചെയ്യും’ എന്നും അദ്ദേഹം പറഞ്ഞു.

കർഹാൽ (മെയിൻപുരി), സിസാമാവു (കാൻപൂർ നഗരം), മിൽകിപൂർ (അയോധ്യ), കടേഹാരി (അംബേദ്കർ നഗർ), ഫുൽപൂർ (പ്രയാഗ്‌രാജ്), മജ്‌വാൻ (മിർസാപൂർ) എന്നീ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ എസ്.പി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസുമായുള്ള ബന്ധം പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തീരുമാനിക്കുമെന്ന് പാർട്ടി വക്താവ് രാജേന്ദ്ര ചൗധരി പ്രതികരിച്ചിരുന്നു.

ഗാസിയാബാദ്, ഖൈർ (അലിഗഡ്), മീരാപൂർ (മുസാഫർനഗർ) എന്നിവക്കു പുറമെ ഫുൽപൂർ, മജ്‍വാൻ സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. പത്തിൽ 5 സീറ്റുകളിൽ മത്സരിക്കുന്നതിനെക്കുറിച്ചുള്ള നിർദേശം തങ്ങൾ ഹൈക്കമാൻഡിന് സമർപ്പിച്ചിട്ടുണ്ടെന്നും ഇത് മുമ്പ് ബി.ജെ.പി നേടിയ സീറ്റുകളായിരുന്നുവെന്നുമാണ് എസ്.പിയുടെ പ്രഖ്യാപനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് പ്രതികരിച്ചത്.

എസ്.പിയുടെ ഔദ്യോഗിക പട്ടിക പ്രകാരം കർഹാലിൽ നിന്ന് തേജ് പ്രതാപ് യാദവ്, സിസാവുവിൽ നിന്ന് നസീം സോളങ്കി, ഫുൽപൂരിൽ നിന്ന് മുസ്തഫ സിദ്ദിഖി, മിൽക്കിപൂരിൽ നിന്ന് അജിത് പ്രസാദ്, കടേഹാരിയിൽ നിന്ന് ശോഭാവതി വർമ, മജ്‌വാനിൽ നിന്ന് ജ്യോതി ബിന്ദ് എന്നിവരാണ് മൽസരിക്കുക.

ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട എസ്.പി എം.എൽ.എ ഇർഫാൻ സോളങ്കിയെ അയോഗ്യനാക്കിയതിനെ തുടർന്നാണ് സിസാമാവുവിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ അതത് എം.എൽ.എമാർ എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് മറ്റ് ഒമ്പത് സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്.

Tags:    
News Summary - Samajwadi Party's alliance with Congress to continue: SP chief Akhilesh Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.