നേതാക്കളുടെ താൽപര്യം ഒന്നാമതും പാർട്ടി താൽപര്യം രണ്ടാമതുമായി -ഹരിയാനയിലെ പരാജയത്തിൽ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട പരാജയത്തെ കുറിച്ച് വിലയിരുത്താൻ വിളിച്ചു ചേർത്ത യോഗത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ നേതാക്കളുടെ താൽപര്യം ഒന്നാമതും പാർട്ടി താൽപര്യം രണ്ടാമതായെന്നും രാഹുൽ കുറ്റപ്പെടുത്തി. തോൽവിയുടെ കാരണം കണ്ടെത്താൻ വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കാനും കോൺഗ്രസ് തീരുമാനിച്ചു.

​കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ മുതിർന്ന നേതാക്കളായ അശോക് ഗെഹ്ലോട്, അജയ് മാക്കൻ, കെ.സി. വേണുഗോപാൽ എന്നിവർ പ​ങ്കെടുത്തു. എന്നാൽ ഹരിയാനയിലെ കോൺഗ്രസ് നേതാക്കളായ ഭൂപീന്ദർ ഹൂഡ, കുമാരി സെൽജ, രൺദീപ് സുർജേവാല, അജയ് യാദവ്, ഉദയ് ബഹൻ എന്നിവരെ യോഗത്തി​ൽ പ​ങ്കെടുപ്പിച്ചില്ല. ഇവരുമായി കേന്ദ്രനേതൃത്വം ഉടൻ ചർച്ച നടത്തുമെന്നാണ് സൂചന. യോഗത്തിൽ ഇ.വി.എമ്മിനെ കുറിച്ചുള്ള പരാതികൾ ​കെ.സി. വേണുഗോപാൽ ഉയർത്തിക്കാട്ടി.

2014നു ശേഷം ഹരിയാനയിൽ കോൺഗ്രസിന്റെ മൂന്നാമത്തെ തോൽവിയാണെന്ന് രാഹുൽ നേതാക്കളെ ഓർമപ്പെടുത്തി. യോഗത്തിനു ശേഷം പതിവിനു വിപരീതമായി രാഹുൽ കോൺഗ്രസ് ആസ്ഥാനത്തെത്തി പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ഹരിയാനയിലെ തോൽവിയിൽ രാഹുൽ കടുത്ത അസംതൃപ്തിയാണ് രേഖപ്പെടുത്തിയത്. വിഷയത്തിൽ പ്രതികരിക്കാൻ തന്നെ അദ്ദേഹം 24 മണിക്കൂറെടുത്തു. ഫലം അപ്രതീക്ഷിതമായിരുന്ന് പ്രതികരിച്ച രാഹുൽ കോൺഗ്രസ് നേതാക്കളുടെ പരാതികൾ തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കുമെന്നും വ്യക്തമാക്കി. സംസ്ഥാന​ത്തെ സ്ഥാനാർഥി നിർണയഘട്ടത്തിൽ ഭൂപീന്ദർ ഹൂഡക്കെതിരെ കുമാരി സെൽജയും രൺദീപ് സുർജേവാലയും അജയ് യാദവും രാഹുലിനോട് പരാതി പറഞ്ഞിരുന്നു. പ്രചാരണഘട്ടത്തിലും രാഹുൽ അസ്വസ്ഥനായിരുന്നു. ശരിയായ ചർച്ചകളില്ലാതെ നേതാക്കൾ അവരുടെ ഇഷ്ടാനുസരണം ​പ്രചാരണം നടത്തുന്നതും രാഹുൽ എതിർത്തിരുന്നു.

Tags:    
News Summary - Senior leaders put own interests above party's, Rahul tells Congress review meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.