ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഒന്നും മനസ്സിലാകുന്നിെല്ലന്ന് പ്രമുഖ തെരഞ്ഞെടുപ്പ് നിരീക്ഷകൻ യോഗേന്ദ്ര യാദവ്. എക്സിറ്റ് പോൾ പ്രവചനങ്ങളെ അട്ടിമറിച്ച് 90 അംഗ നിയമസഭയിൽ ബിജെപി 48 സീറ്റുകൾ നേടി അധികാരം നിലർത്തിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഗംഭീര വിജയം നേടുമെന്നായിരുന്നു യോഗേന്ദ്ര യാദവ് അടക്കം പ്രവചിച്ചിരുന്നത്. എന്നാൽ, 2019ലേതിനേക്കാൾ എട്ട് സീറ്റുകൾ അധികം നേടിയാണ് ബി.ജെ.പി വിജയം കൊയ്തത്.
“ഹരിയാനയിൽ എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് എല്ലായിടത്തുമുള്ള സുഹൃത്തുക്കളും എന്നെ ഫോൺ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നുണ്ട്. സത്യം പറഞ്ഞാൽ എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. കഴിഞ്ഞ ഒരു മാസമായി ഞാൻ ഹരിയാനയിൽ ചുറ്റിക്കറങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രവചിക്കില്ലെന്ന് ഞാൻ പറഞ്ഞിരുന്നുവെങ്കിലും കോൺഗ്രസിന് വ്യക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന തരത്തിലാണ് ഞാൻ എഴുതുകയും സംസാരിക്കുകയും പ്രസംഗിക്കുകയും ചെയ്തത്. കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് ഞാൻ പലതവണ പറഞ്ഞിരുന്നു. കോൺഗ്രസിന് അനുകൂലമായ കാറ്റാണോ കൊടുങ്കാറ്റാണോ എന്ന് മാത്രമേ എനിക്ക് സംശയമുണ്ടായിരുന്നുള്ളൂ. എന്നാൽ സംഭവിച്ചത് തികച്ചും വ്യത്യസ്തമായിരുന്നു. അതൊരു കാറ്റോ കൊടുങ്കാറ്റോ ആയിരുന്നില്ല. മറിച്ച്, ഫലം തികച്ചും വിപരീതമായിരുന്നു’ -യോഗേന്ദ്ര യാദവ് പറയുന്നു.
ഈ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ പലയിടത്തും കറങ്ങി നടന്നപ്പോൾ ബി.ജെ.പി ഭൂരിപക്ഷം നേടുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പി അനുഭാവികളിൽപ്പോലും താൻ എവിടെയും കണ്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കോൺഗ്രസിന് എത്രമാത്രം ഭൂരിപക്ഷം ലഭിക്കുമെന്നത് മാത്രമായിരുന്നു എവിടെയും ചർച്ച. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെയും ട്രെൻഡനുസരിച്ച് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുവിഹിതം സാധാരണഗതിയിലേതിനേക്കാൾ കുറഞ്ഞിരുന്നു. ഇത്തവണയും അതാണ് പ്രതീക്ഷിച്ചിരുന്നത്’ -യാദവ് പറഞ്ഞു.
हरियाणा चुनाव का अप्रत्याशित परिणाम देखने के बाद से दोस्तों के फ़ोन आ रहे हैं: ‘क्या हुआ, इसे कैसे देखा जाए, आगे का रास्ता क्या है?’
— Yogendra Yadav (@_YogendraYadav) October 8, 2024
मेरा जवाब: pic.twitter.com/cmIfpiKsqU
ഹരിയാനയിൽ ഇവിഎമ്മിൽ കൃത്രിമം കാണിച്ചെന്ന കോൺഗ്രസിൻ്റെ ആരോപണവും അദ്ദേഹം പരാമർശിച്ചു. ‘വോട്ടെണ്ണൽ സമയത്ത് ചില സ്ഥലങ്ങളിലെ വോട്ടുയന്ത്രങ്ങളിൽ 99 ശതമാനം വരെ ചാർജ്ജ് ഉള്ളതായി കണ്ടെത്തിയെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. ഇ.വി.എമ്മുകളിൽ ചാർജ്ജ് കുറവായ പ്രദേശങ്ങളെ അപേക്ഷിച്ച് 99% ബാറ്ററി ചാർജ്ജ് ചെയ്ത ഇടങ്ങളിൽ കോൺഗ്രസിന്റെ പ്രകടനം മോശമാണെന്ന് അവർ കണ്ടെത്തി. ഇ.വി.എമ്മുകളിൽ കൃത്രിമം നടന്നിട്ടുണ്ടാകാം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് പൂർണ്ണമായും ശരിയാണെന്ന് ഞാൻ പറയുന്നില്ല. കാരണം ഇതിന് തെളിവുകളൊന്നും ഞങ്ങളുടെ പക്കലില്ല. ജനങ്ങളുടെ മനസ്സിലുള്ള ഇത്തരം ആരോപണങ്ങൾ ഇല്ലാതാകണമെങ്കിൽ എല്ലാ വസ്തുതകളും പുറത്തുവിട്ട് രാജ്യത്തിന് വ്യക്തത നൽകേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്” -അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ വന്ന പോരായ്മകൾ കോൺഗ്രസ് തിരിച്ചറിയണമെന്ന് യാദവ് നിർദേശിച്ചു.“നമ്മൾക്ക് സംഭവിച്ച തെറ്റുകൾ വിശകലനം ചെയ്യണം. ബി.ജെ.പിയോട് മത്സരിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങളിൽ നാം വീഴ്ച വരുത്തിയോ? കർഷക സംഘടനകളുടെ പങ്കാളിത്തം ഫലത്തിൽ പ്രകടമാണ്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമായ പോരാട്ടം കാഴ്ച വെച്ചത് കർഷക പ്രസ്ഥാനങ്ങൾ മൂലമാണ്” -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.