ഹരിയാന തെരഞ്ഞെടുപ്പ്: 99 ശതമാനം ചാർജുള്ള വോട്ടിങ് യന്ത്രങ്ങൾ സീൽ ചെയ്യണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ വോട്ടിങ് യന്ത്രങ്ങൾ സീൽ ചെയ്യണമെന്ന ആവശ്യവുമായി കോൺഗ്രസ്. ഉയർന്ന ബാറ്ററി ശതമാനമുള്ള വോട്ടിങ് യന്ത്രങ്ങൾ സീൽ ചെയ്യണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാകുന്നത് വരെ വോട്ടിങ് യന്ത്രങ്ങൾ സീൽ ചെയ്യണമെന്നാണ് കോൺഗ്രസ് പറയുന്നത്..

കെ.സി വേണുഗോപാൽ, ഭൂപീന്ദർ സിങ് ഹൂഡ, അശോക് ഗെഹ്ലോട്ട് പ്രതാപ് സിങ് ബജ്‍വ, ജയ്റാം ​രമേശ്, പവൻ ഖേര, അജയ് മാക്കൻ, ഉദയ് ഭാൻ എന്നിവരുൾപ്പെട്ട കോൺഗ്രസ് സംഘം തെരഞ്ഞെടുപ്പ് കമീഷനെ കണ്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട് 20 മണ്ഡലങ്ങളിൽ നിന്നും 20 പരാതികൾ ലഭിച്ച വിവരം തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചുവെന്ന് പവൻഖേര പറഞ്ഞു.

തെരഞ്ഞെടുപ്പ് കമീഷനുമായുള്ള കൂടിക്കാഴ്ചയിൽ 99 ശതമാനം ചാർജുള്ള മിഷ്യനുകളിൽ കൃത്രിമത്തിന് സാധ്യതയുണ്ടെന്ന വിവരം അറിയിച്ചുവെന്നും അത് 48 മണിക്കൂർ വരെ സീൽ ചെയ്ത് സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടുവെന്ന് പവൻ ഖേര പറഞ്ഞു. കർണാൽ, ഹുഡൽ, പാനിപത്ത് സിറ്റി, കൽക്ക, റേവാരി, നാർനൗൽ, കലൻവാലി മണ്ഡലങ്ങളിൽ നിന്നുമാണ് പരാതികൾ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പരാതി പരിഗണിക്കാമെന്ന് അറിയിച്ച തെരഞ്ഞെടുപ്പ് കമീഷൻ റിട്ടേണിങ് ഓഫീസർമാരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ പ്രശ്നപരിഹാരമുണ്ടാക്കുമെന്നും പറഞ്ഞു.

Tags:    
News Summary - Congress demands sealing EVMs 99 battery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.