സനാതന്‍ സന്‍സ്ത ആശ്രമത്തില്‍  മനോരോഗത്തിനുള്ള മരുന്ന് കഴിപ്പിക്കുന്നുവെന്ന്

 

മുംബൈ: തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ത, ആശ്രമത്തിലെ അന്തേവാസികളെക്കൊണ്ട് ആത്മീയ ശുദ്ധീകരണത്തിനെന്ന വ്യാജേന മനോരോഗത്തിനുള്ള മരുന്ന് കലര്‍ത്തിയ ‘വിശുദ്ധ ജലം’ കുടിപ്പിക്കുന്നതായി മൊഴി. മഹാരാഷ്ട്രയിലെ സി.പി.ഐ നേതാവ് ഗോവിന്ദ പന്‍സാരെ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ഡോ. വീരേന്ദ്ര താവ്ഡെക്കെതിരെ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് മൊഴി. കേസില്‍ പ്രതികളായ വിനയ് പവാര്‍, ഡോ. വീരേന്ദ്ര താവ്ഡെ എന്നിവരുടെ ഭാര്യമാരുടെ സാക്ഷിമൊഴിയായാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

സീസൊഫ്രീനിയ അടക്കമുള്ള മനോരോഗങ്ങള്‍ക്ക് നല്‍കുന്ന റെസ്പെറിഡോണ്‍ (Resperidone) എന്ന മരുന്നാണ് വെള്ളത്തില്‍ കലര്‍ത്തി നല്‍കുന്നത്. രോഗമില്ലാത്തവര്‍ സ്ഥിരമായി കഴിച്ചാല്‍ മറ്റുള്ളവരുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന സ്വഭാവമായി തീരുമെന്ന് വിദഗ്ധര്‍ പറയുന്നു. 

2013 മുതല്‍ ആശ്രമത്തില്‍ താമസിച്ച ഒരു വര്‍ഷം ദിവസേന എട്ടിന് മരുന്നു കലര്‍ത്തിയ ‘വിശുദ്ധ ജലം’ സുധേഷ്ണ പിമ്പിള്‍ എന്ന അന്തേവാസി തനിക്കു തരുമായിരുന്നുവെന്നാണ് താവ്ഡെയുടെ ഭാര്യ ഡോ. നിധി താവ്ഡെ മൊഴി നല്‍കിയത്. വെള്ളം കുടിച്ചാലുടന്‍ മോഹാലസ്യം അനുഭവപ്പെടും. 
ആശ്രമ ഡോക്ടര്‍ കുറിച്ചുനല്‍കിയ മരുന്നാണ് വിശുദ്ധജലത്തില്‍ കലര്‍ത്തുന്നതെന്നും അത് മനോരോഗത്തിനുള്ള റെസ്പെറിഡോണ്‍ ആണെന്നും കണ്ടത്തെുകയായിരുന്നു. 35ഓളം അന്തേവാസികള്‍ക്ക് ‘വിശുദ്ധജലം’ നല്‍കുന്നതായി അറിഞ്ഞെന്നുമാണ് നിധിയുടെ മൊഴി. ഭര്‍ത്താവിനെ വിവരം അറിയിച്ചപ്പോള്‍ ‘വിശുദ്ധ ജല’ത്തെ അനുകൂലിക്കുകയാണ് ചെയ്തതെന്നും അദ്ദേഹവും അത് കഴിച്ചിരുന്നതായും അവര്‍ പറഞ്ഞു. 

താവ്ഡെയും നിധിയും താമസിച്ച പന്‍വേലിലെ ഫ്ളാറ്റില്‍നിന്ന് മനോരോഗത്തിനുള്ള ഗുളികകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടത്തെിയിരുന്നു.  കേസില്‍ പിടികിട്ടാപ്പുള്ളിയായ വിനയ് പവാറിന്‍െറ ഭാര്യ ശ്രദ്ധയാണ് സമാനമൊഴി നല്‍കിയ മറ്റൊരാള്‍. ഗോവ, പന്‍വേല്‍ എന്നിവിടങ്ങളിലെ ആശ്രമങ്ങളില്‍ കഴിഞ്ഞ കാലത്തെ അനുഭവങ്ങളാണ് ശ്രദ്ധ വിവരിച്ചത്.

Tags:    
News Summary - sanathan asrma give mental disorders drugs to their ashmara people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.