ന്യൂഡൽഹി: പുതിയ സാങ്കേതിക സംവിധാനത്തിലൂടെ പ്രതിദിനം 1.35 കോടി തട്ടിപ്പ് ഫോൺ കാളുകൾ തടയാനാവുന്നതായി കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വ്യാജ കാളുകളും സൈബർ തട്ടിപ്പും തടയുന്നതിനായി 2024 മാർച്ച് നാലിന് സഞ്ചാർ സാഥി പദ്ധതിക്ക് കീഴിൽ സ്ഥാപിച്ച ചക്ഷു പോർട്ടൽ വഴിയാണ് കാളുകള്‍ തടയുന്നത്. ഇതിലൂടെ 2.9 ലക്ഷത്തോളം ഫോണുകളുടെ കണക്ഷൻ വിച്ഛേദിക്കുകയും സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ചിരുന്ന 1.8 ദശലക്ഷത്തോളം ഹെഡറുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. പുതിയ സംവിധാനം നിലവിൽ വന്നതിനു ശേഷം രാജ്യത്തെ ജനങ്ങളുടെ 2,500 കോടിയോളം മൂല്യം വരുന്ന ആസ്തികൾ സംരക്ഷിക്കാനായതായും മന്ത്രി പറഞ്ഞു.
വിവിധ സന്ദർഭങ്ങളിൽ നടപടികൾ എളുപ്പമാക്കുന്നതിനായി അന്വേഷണ ഏജൻസികളെയും ബാങ്കുകളെയും സംയോജിപ്പിക്കുന്ന പുതിയ സോഫ്റ്റ്വെയറും നടപ്പാക്കാനായി. ബി.എസ്.എൻ.എൽ 4ജിക്കായി ഒരു ലക്ഷം ബേസ് സ്റ്റേഷനുകൾ സജ്ജമാക്കാൻ പദ്ധതി നടന്നുവരുകയാണ്. അതിൽ 50,000 ടവറുകൾ പൂർത്തീകരിച്ചു. ടെലികോം മേഖലയിലെ പ്രധാന കമ്പനികളിലൊന്നായി ബി.എസ്.എൻ.എൽ മാറണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. രാജ്യത്ത് ഏകദേശം 37,000 ഗ്രാമങ്ങളിൽ ഇനിയും 4ജി സേവനം ലഭ്യമാവാനുണ്ട്.
ഇതിൽ വിദൂരമേഖലകളടക്കമുള്ളവയുണ്ട്. ഇവിടെ കഴിയുന്നതും വേഗം സേവനമെത്തിക്കുകയാണ് ലക്ഷ്യം. ഇതോടെ 1.6 ജനങ്ങൾക്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനാവുമെന്നും സിന്ധ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.