ബംഗളൂരു: മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ പ്രശസ്ത കന്നട നടനും നാടക പ്രവർത്തകനുമായ സഞ്ചാരി വിജയിക്ക് (38) നാടിെൻറ അന്ത്യാഞ്ജലി. ബൈക്കപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ് തിങ്കളാഴ്ച വൈകീട്ടോടെ മസ്തിഷ്ക മരണം സംഭവിച്ച വിജയിയുടെ മരണം ചൊവ്വാഴ്ച പുലർച്ച 3.45നാണ് അപ്പോളോ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചത്.
കുടുംബാംഗങ്ങൾ സന്നദ്ധത അറിയിച്ചതിനെതുടർന്ന് സഞ്ചാരി വിജയിയുടെ അവയവങ്ങൾ അർഹരായവർക്ക് ദാനം ചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.
ചൊവ്വാഴ്ച രാവിലെ ആറു മുതൽ പത്തുവരെ ബംഗളൂരുവിലെ രവീന്ദ്ര കലാക്ഷേത്രയിൽ സഞ്ചാരി വിജയിയുടെ ഭൗതിക ശരീരം പൊതുദർശനത്തിനുവെച്ചു. േകാവിഡ് പ്രൊട്ടോകോൾ പാലിച്ചുകൊണ്ടാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ രവീന്ദ്ര കലാക്ഷേത്രയിലെത്തി അന്തിമോപചാരം അർപ്പിച്ചത്.
നാടക-സിനിമ മേഖലയിലെയും രാഷ്ട്രീയ രംഗത്തെയും നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് വൈകീട്ടോടെ വിജയിയുടെ ജന്മനാടായ കടൂർ താലൂക്കിലെ പഞ്ചനഹള്ളിയിൽ സംസ്കാര ചടങ്ങുകൾ നടന്നു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അനുശോചിച്ചു.
നാടക പ്രവർത്തകനായിരുന്ന വിജയ് 2011ലാണ് സിനിമയിലെത്തുന്നത്. തുടർന്ന് 2015ൽ നാനു അവനല്ല അവളു എന്ന ചിത്രത്തിൽ ട്രാൻസ്ജെൻഡറായി അഭിനയിച്ച സഞ്ചാരി വിജയ് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി.
ശനിയാഴ്ച രാത്രി സുഹൃത്തായ നവീനൊപ്പം ബൈക്കിൽ മരുന്നുവാങ്ങി തിരിച്ചുവരുന്നതിനിടെ ജെ.പി നഗറിൽ വെച്ചാണ് അപകടമുണ്ടായത്. ബൈക്ക് തെന്നിമാറി വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. ബൈക്ക് ഒാടിച്ചിരുന്ന നവീന് കാലിനാണ് പരിക്കേറ്റത്.
നവീനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രളയകാലത്തും കോവിഡ് മഹാമാരിക്കിടെയും സന്നദ്ധ പ്രവർത്തകനായി കർമനിരതനായിരുന്ന സഞ്ചാരി വിജയ് ഇനി മറ്റുള്ളവരിലൂടെ ജീവിക്കും. ഹൃദയം, വൃക്ക, കണ്ണുകൾ തുടങ്ങിയ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. അവയവദാനത്തിലൂടെ മരണത്തിനുശേഷവും വിജയ് സമൂഹത്തിന് താങ്ങായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.