ഹിന്ദുത്വം പ്രസംഗിക്കുന്നവർ ശ്രാവണ മാസത്തിൽ കഴിക്കുന്നത് ബീഫ് കട്‍ലറ്റും മദ്യവും; ബി.ജെ.പി പ്രസിഡന്റിന്റെ മകനെതിരെ സഞ്ജയ് റാവുത്ത്

മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുലേയുടെ മകൻ സങ്കേത് ബവൻകുലേക്കെതിരെ ഗുരുതര ആരോപണവുമായി ശിവസേന എം.പി സഞ്ജയ് റാവുത്ത്. ശ്രാവണ മാസത്തിലും ഗണപതി ഉത്സവത്തിലും ഹിന്ദുത്വം പ്രസംഗിക്കുന്നവർ ബീഫ് കഴിക്കുന്നത് ആളുകൾക്ക് സ്വീകാര്യമാണോ എന്നായിരുന്നു റാവുത്തിന്റെ ചോദ്യം. സ​​ങ്കേതും സുഹൃത്തുക്കളും ഒരു ഹോട്ടലിൽ നിന്ന് ബീഫ് കട്‍ലറ്റ് കഴിച്ചതിന്റെ ബില്ല് പങ്കുവെച്ചാണ് റാവുത്ത് ആരോപണമുന്നയിച്ചത്. ലാ ഹോറി ഹോട്ടലിൽ നിന്നുള്ള ബില്ലിൽ മദ്യത്തിനൊപ്പമാണ് സംഘം ബീഫ് കഴിച്ചതെന്നും റാവുത്ത് പറഞ്ഞു.

നാഗ്പൂരിലെ ക്രമസമാധാന പ്രശ്നത്തെയും റാവുത്ത് രൂക്ഷമായി വിമർശിച്ചു. നാഗ്പൂരിൽ കഴിഞ്ഞ ദിവസം സ​ങ്കേതും സംഘവും സഞ്ചരിച്ച കാർ അപകടമുണ്ടാക്കിയിരുന്നു. 18 പേരാണ് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. ഒരു സാധാരണക്കാരനാണ് ഇത്തരത്തിലൊരു അപകടം വരുത്തി വെച്ചത് എങ്കിൽ പൊലീസ് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം അയാളെ റോഡിലുടെ പരേഡ് ചെയ്യിക്കുമായിരുന്നു എന്നും റാവുത്ത് വിമർശിച്ചു.

മറ്റെന്തിനേക്കാളും റോഡ് സുരക്ഷക്കാണ് മുൻതൂക്കം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ​ങ്കേതിന് പൊലീസ് സംരക്ഷണം നൽകുകയാണ്.ആഭ്യന്തരമന്ത്രിയെന്ന നിലയിൽ ഉപമുഖ്യമന്ത്രി ദേവേന്ദർ ഫഡ്നാവിസ് വലിയ പരാജയമാണെന്നും റാവുത്ത് ആരോപിച്ചു. ഫഡ്നാവിന്റെ കാലത്ത് മുംബൈയിലെ ക്രമസമാധാനം താറുമാറായി. ഇത്തരത്തിലൊരു അവസ്ഥ ഇതിനു മുമ്പുണ്ടായിട്ടില്ല. ഇത്തരമൊരു ആഭ്യന്തരമന്ത്രിയെ ചുമക്കേണ്ട ഗതികേടിലാണ് സംസ്ഥാനം. മഹാരാഷ്ട്ര ഫഡ്നാവിസിന് ഒരിക്കലും മാപ്പുനൽകില്ലെന്നും റാവുത്ത് ഓർമപ്പെടുത്തി.

അപകടത്തിൽ പൊലീസ് എഫ്.ഐ.ആറിൽ വാഹന ഉടമയുടെ പേര് പരാമർശിച്ചിട്ടില്ല. അപകടം നടന്നയുടൻ ഡ്രൈവർ രക്ഷപ്പെട്ടു. അയാളെ സംരക്ഷിക്കുകയാണ് എല്ലാവരും ചേർന്ന്. എന്തുതരത്തിലുള്ള ക്രമസമാധാന പാലനമാണിത്. -റാവുത്ത് ചോദിച്ചു.

അതേസമയം സ​ങ്കേതും സംഘവും ഭക്ഷണം കഴിച്ച ഹോട്ടലിൽ ബീഫ് വിളമ്പുന്നില്ലെന്നും ചിക്കന്റെയും മട്ടന്റെയും പ്രത്യേക വിഭവങ്ങളാണ് അവിടെ തയാറാക്കുന്നത് എന്നുമാണ് ബി.ജെ.പിയുടെ വിശദീകരണം. മെനുവിൽ ബീഫ് വിഭവങ്ങളില്ലെന്നും ബി.ജെ.പി അധികൃതർ പറയുന്നു.

തിങ്കളാഴ്ചയാണ് സ​േങ്കത് അമിത വേഗതയിൽ ഓടിച്ച ഓഡി കാർ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയത്. ബി.ജെ.പി നേതാവിന്റെ മകന്റെ അശ്രദ്ധമായ പെരുമാറ്റത്തിന് നേരെ കണ്ണടച്ച് നാല് വർഷം പഴക്കമുള്ള കേസിൽ അനിൽ ദേശ്മുഖിനെ അറസ്റ്റ് ചെയ്യാൻ ഫഡ്‌നാവിസ് ശ്രമിക്കുന്നത് എങ്ങനെയാണെന്നും ഇത് ഇരട്ടത്താപ്പാണെന്നും റാവുത്ത് കൂട്ടിച്ചേർത്തു. 

Tags:    
News Summary - Sanjay Raut against BJP Chiefs Son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.