ന്യൂഡൽഹി: ബി.ജെ.പി കോടികൾ വാരിയ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയവരുടെ പേരു വിവരങ്ങൾ വെളിപ്പെടുത്താൻ പൊതുതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സമയം ചോദിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒത്തുകളിക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നു. എസ്.ബി.ഐ ‘മൊദാനി’ കുടുംബത്തിന്റെ ഭാഗമായെന്ന് രാഹുൽ ഗാന്ധിയും രാജ്യത്തെ ഏറ്റവും വലിയ ബാങ്കിനെ ബി.ജെ.പി പരിചയാക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കുറ്റപ്പെടുത്തി. എസ്.ബി.ഐക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു.
ബി.ജെ.പിയെ സഹായിക്കുന്ന എസ്.ബി.ഐക്കെതിരെ സി.പി.എമ്മും രംഗത്തുവന്നു. എസ്.ബി.ഐയുടെ മുംബൈ ശാഖയിലുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ ജൂൺ 30 വരെ സമയം ചോദിച്ചത് പരിഹാസ്യമാണെന്ന് വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് വിമർശിച്ചു. രാജ്യത്തെ ഡിജിറ്റൽ ഇന്ത്യയാക്കിയ മോദിയെ ഇതിലൂടെ അവഹേളിച്ച എസ്.ബി.ഐ ചെയർമാനെയും ഡയരക്ടർമാരെയും ശിക്ഷിക്കണമെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പരിഹസിച്ചു.
തെരഞ്ഞെടുപ്പ് ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയവരുടെ മുഴുവൻ വിവരങ്ങളും മാർച്ച് ആറിനകം കൈമാറണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറാൻ പദ്ധതി റദ്ദാക്കി കൊണ്ടുള്ള വിധിയിൽ കോടതി എസ്.ബി.ഐയോട് നിർദ്ദേശിച്ചിരുന്നു. മാർച്ച് 13-ാടെ ഈ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിടണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഫെബ്രുവരി 15നാണ് ഉത്തരവിട്ടത്. എന്നാൽ, അതിനാവില്ലെന്നും ജൂൺ 30 വരെ സമയം വേണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചത്.
2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെ 22217 ബോണ്ടുകൾ എസ്.ബി.ഐ വിതരണം ചെയ്തുവെന്നും ഇവയുടെ വിവരങ്ങൾ മുദ്രവച്ച കവറുകളിൽ മുംബൈയിലെ പ്രധാന ശാഖയിലാണെന്നും ബാങ്ക് ബോധിപ്പിച്ചിട്ടുണ്ട്. ഇവ ഡീകോഡ് ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇപ്പോൾ നൽകിയിരിക്കുന്ന സമയപരിധി അപര്യാപ്തമാണെന്നാണ് എസ്.ബി.ഐയുടെ അവകാശവാദം.
മോദിയെയും ബി.ജെ.പിയെയും രക്ഷിക്കാൻ തെരഞ്ഞെടുപ്പ് കഴിയും വരെ സമയം ചോദിച്ചത് നീതിയോടുള്ള പരിഹാസമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി. ‘ഒന്നിന് പകരം മറ്റൊന്ന്’ എന്ന നിലക്കുള്ള ഇടപാടാണ് ഇലക്ടൽ ബോണ്ട് എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് യെച്ചൂരി ഓർമിപ്പിച്ചു. ഈ ഡിജിറ്റൽ കാലത്ത് ഈ വിവരങ്ങളെല്ലാം കേവലമൊരു മൗസ് ക്ലിക്കിനപ്പുറത്ത് നിൽക്കുമ്പോൾ ഇത്രയും സമയം നീട്ടി ചോദിച്ചത് സംശയങ്ങളുയർത്തുന്നുണ്ടെന്ന് യെച്ചൂരി കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.